ദോഹ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതൽ നാല് വരെയുള്ള പ്രതികൾക്കാണ് ശിക്ഷ. ഇവർ കണ്ണൂർ സ്വദേശികളാണ്.[www.malabarflash.com]
ഒന്നാം പ്രതി കെ. അഷ്ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), നാലാം പ്രതി ടി. ശമ്മാസ് (28) എന്നവിരാണവർ. കേസിൽ ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിയുടെ പകർപ്പ് വ്യാഴാഴ്ചയേ ലഭ്യമാകൂ. ഇന്ത്യക്കാരായ 27 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്.
കുറ്റക്കാരല്ലെന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവർക്ക് അഞ്ചുവർഷം, രണ്ടുവർഷം, ആറ് മാസം എന്നിങ്ങനെയാണ് ശിക്ഷ ലഭിച്ചത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയിൽ വിവിധ ജ്വല്ലറികൾ നടത്തിയിരുന്നയാളായിരുന്നു യെമൻ സ്വദേശിയായ സലാഹൽ കാസിം (28).
കവർച്ചക്ക് ശേഷം പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ സ്വദേശത്തേക്ക് അയക്കുകയും ചെയ്തു. മൂന്നു പ്രതികൾ ഖത്തറിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവർ ഒരു വർഷത്തിലധികമായി ഖത്തർ ജയിലിലാണ്. പ്രതികൾ ഉപയോഗിച്ച വാഹനം ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
നിരവധി മലയാളികൾ പ്രതിചേർക്കപ്പെട്ട കേസിൽ ചിലർക്ക് സൗജന്യനിയമസഹായം ലഭ്യമാക്കിയത് സാമൂഹ്യപ്രവർത്തകനും നിയമജ്ഞനുമായ അഡ്വ. നിസാർ കോച്ചേരി ആയിരുന്നു. കൊലപാതകവുമായി ബന്ധമില്ലാതിരുന്ന മലയാളികൾക്ക് വേണ്ടിയാണ് അദ്ദേഹം ഖത്തറിലെ ഇന്ത്യൻ എംബസി, നോർക്ക നിയമസഹായ സെൽ എന്നിവയുമായി ബന്ധപ്പെട്ട് നിയമസഹായം ലഭ്യമാക്കിയത്.
കൊലപാതകവിവരം മറച്ചുവെക്കൽ, കളവ് മുതൽ കൈവശം വെക്കൽ, നാട്ടിലേക്ക് പണമയക്കാൻ പ്രതികൾക്ക് തങ്ങളുടെ ഐഡൻറിറ്റി കാർഡുകൾ നൽകി സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ചിലരുടെ നിരപരാധിത്വം ജയിൽ സന്ദർശനവേളയിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് അഡ്വ. നിസാർ കോച്ചേരി ഇടപെടുന്നത്.
0 Comments