ബ്വേനസ് എയ്റിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മറഡോണ രണ്ടാഴ്ചമുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഹൃദയഘാതം.[www.malabarflash.com]
അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്ബാൾ ആരാധകരുടെ മനസ് കീഴടക്കിയ മറഡോണ 1986 ൽ അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്ത താരമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജൻറീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെൻറീലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിെൻറ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിെൻറ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജൻറീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.
ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജൻറിനോസ് ജൂനിയഴ്സിെൻറ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജൻറീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജൻറിനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജൻറീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജൻറീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.
1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ കാര്യമായി പങ്കുവഹിച്ചു.
1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.
1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾജീവിതത്തിെൻറ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. എങ്കിലും മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള കഥകളും ഈ കാലത്ത് മറഡോണയോടൊപ്പം വിവാദങ്ങളിൽ സ്ഥാനം പിടിച്ചു.
1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി. ഇതിനു ശേഷം 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.
1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തെൻറ പതിനാറാം വയസ്സിലായിരുന്നു മറഡോണയുടെ ആദ്യ അന്താരാഷ്ട്രമൽസരം. 1979 ജൂൺ 2 ന് സ്കോട്ട്ലൻറിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.
സംഭവബഹുലമായ ജീവിതത്തിൽ പരിശീലകെൻറ വേഷവും മറഡോണക്കുണ്ടായിരുന്നു. 2010 ലെ ലോക കപ്പിനായുള്ള അർജൻറീന ടീമിനെ പരിശീലിപ്പിച്ചത് മറഡോണയായിരുന്നു. 2009 ൽ പരിശീലകനായി നിയമിതനായ മറഡോണ ടീമിനെ ക്വാർട്ടർ ഫൈനൽ വരെ എത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റാണ് അർജൻറീന പുറത്ത് പോകുന്നത്.. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി െവക്കേണ്ടി വരുകയും ചെയ്തു.
0 Comments