NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണിവരെ

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.[www.malabarflash.com] 


ആഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടര്‍മാരും നടപ്പാക്കണം.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുളള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ മൂന്നരമാസത്തോളമായി രാജ്യത്തെ കോവിഡ് 19 കേസുകള്‍ തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും പുതിയ കോവിഡ് കേസുകളുടെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍ കരുതലുകളും ശക്തമായ നിരീക്ഷണങ്ങളും രാജ്യത്തും ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.

Post a Comment

0 Comments