NEWS UPDATE

6/recent/ticker-posts

1000 പഞ്ചായത്തുകൾ ബി.ജെ.പിക്ക് തരണമെന്ന് സുരേഷ് ഗോപി, കേരളത്തിൽ 941 എണ്ണമേ ഉള്ളൂവെന്ന് സോഷ്യൽ മീഡിയ; പിന്നാലെ ട്രോൾ മഴ

കോഴിക്കോട്: '1000 പഞ്ചായത്തുകൾ ബി.ജെ.പിക്ക് നൽകൂ' എന്ന നടനും എം.പിയുമായ സുരേഷ് ഗോപിയുടെ പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തിൽ 941 മാത്രമേയുള്ളൂ എന്നാണ് സോഷ്യൽ മീഡിയ സുരേഷ് ഗോപിയോട് പറയുന്നത്.[www.malabarflash.com] 

കോഴിക്കോട്ട് വച്ച് നടന്ന ബി.ജെ.പിയുടെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെ ബി.ജെ.പി എം.പിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

തന്നെ 'സംഘി'യെന്നോ 'ചാണക സംഘി'യെന്നോ വിളിച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യവും ട്രോളുകൾക്ക് വിഷയമാകുന്നുണ്ട്. അങ്ങനെ വിളിക്കുന്നതിൽ തനിക്ക് അപമാനമില്ലെന്നും ശ്രീനാരായണ ഗുരുവിന്റെ, തിരുവനന്തപുരത്തെ ചെമ്പഴന്തിയിലുള്ള വീടിന്റെ തറ ചാണകം കൊണ്ട് മെഴുകിയതാണെന്നും ആ തറയ്ക്ക് ഇപ്പോഴും നല്ല ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ വന്നുനോക്കിയാൽ ഒരു സിനിമാക്കാരനായ, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്‌തുവെന്ന് വിമർശിക്കുന്നവർക്ക് മനസിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിലെ അഴിമതിരഹിത ഭരണം ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേരളത്തിൽ ഒരായിരം പഞ്ചായത്തുകൾ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പേരാമ്പ്രയിൽ ഒരു പട്ടികജാതി കോളനിയിലേക്ക് റോഡ് ഉണ്ടാക്കാനായി മൂന്ന് വർഷമായി താൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ബിജെപിയാണ് ഭരിച്ചിരുന്നതെങ്കിൽ അവിടെ മുൻപ് തന്നെ റോ‌ഡ് വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെ തന്റെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്‌ട രാഷ്‌ട്രീയക്കാർക്കെന്നും സുരേഷ് ഗോപി വിമർശിച്ചു.

കല്ലായിയിലെ മരവ്യവസായം പുനരുജ്ജീവിപ്പിക്കണമെന്നും കോഴിക്കോട് 55 പേരെ തന്നാലോ 45 പേരെ തന്നാലോ 40 പേരെ തന്നാലോ എന്താണ് ഭരണമെന്ന് കാണിച്ചുതരാമെന്നും കോഴിക്കോട് കോർപ്പറേഷനിൽ 'താമരക്കുട്ടന്മാർ' നിറയണമെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. 'ലോകമാകെ ആരാധിക്കുന്ന' നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്നും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു.

Post a Comment

0 Comments