തിരുവനന്തപുരം: വർക്കലയിൽ വൻ കള്ളനോട്ട് വേട്ട. ഏഴേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടാണ് വർക്കല പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വർക്കല സ്വദേശികളായ ആഷിക് ഹുസൈൻ, മുഹമ്മദ് ഹനീഫ, അച്ചു ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.[www.malabarflash.com]
വർക്കല വിനോദ സഞ്ചാര മേഖലയിൽ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കല ക്ലിഫിലെ റിസോർട്ടിൽ നിന്ന് ഹനീഫയേയും അച്ചുവിനേയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിലെ പ്രധാനിയായ ആഷിക് ഹുസൈനെ കുറിച്ച് പോലീസിന് വിവരം കിട്ടിയത്.
പിന്നാലെ കാട്ടായിക്കോണത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴേമുക്കാൽ ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു. രണ്ടായിരം, അഞ്ഞൂറ്,ഇരുനൂറ് രൂപയുടെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്.
നോട്ടച്ചടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
നാൽപതിനായിരം രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് എന്ന നിലയ്ക്കായിരുന്നു വിനിമയം നടത്തിയിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ജീവകാരുണ്യപ്രവർത്തകനായി അറിയപ്പെട്ടിരുന്ന ആഷിക്ക് സഹായം അഭ്യർത്ഥിച്ചെത്തിയ നിരവധിയാളുകൾക്ക് കള്ളനോട്ട് വിതരണം ചെയ്തതായാണ് പോലീസിനുള്ള വിവരം. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
0 Comments