ന്യൂഡൽഹി: കോവിഡ് രോഗ മുക്തരായവരില്‍ അപൂര്‍വവും അപകടകരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ബാധിച്ച നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍മാര്‍ പറയുന്നു.[www.malabarflash.com]
കഴിഞ്ഞ 15 ദിവസത്തിനിടെ ഇത്തരത്തിലുള്ള 13 രോഗികളാണ് ആശുപത്രിയിലെത്തിയത്. ഇവരില്‍ 5 രോഗികള്‍ക്ക് മരണം സംഭവിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി. 50 ശതമാനം പേര്‍ക്ക് കാഴ്ചയും നഷ്ടമായി. കാഴ്ച നഷ്ടത്തിനു പുറമേ മൂക്കും താടിയെല്ലും നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.
നമുക്ക് ചുറ്റുമുള്ള മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോര്‍മൈകോസിസ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
അവയവ മാറ്റിവയ്ക്കല്‍ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍ ഈ കൊലയാളി ഫംഗല്‍ ബാധ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ കോവിഡിനോട് അനുബന്ധിച്ച് ഈ ഫംഗസ് ബാധയുണ്ടാകുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.
മൂക്കിലെ തടസ്സം, കണ്ണിലെയും കവിളിലെയും നീര്‍വീക്കം, മൂക്കില്‍ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കോവിഡ് രോഗികള്‍ക്കും രോഗമുക്തര്‍ക്കും ഉടനെ ബയോപ്‌സി നടത്തി ആന്റി ഫംഗല്‍ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ വരുണ്‍ റായ് പറയുന്നു. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു
0 Comments