NEWS UPDATE

6/recent/ticker-posts

പോലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം- സുപ്രീം കോടതി


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിബിഐ, എന്‍ഐഎ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.[www.malabarflash.com]

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, എസ് എഫ് ഐ ഓ (സീരിയസ് ഫ്രോഡ് ഇവെസ്റ്റിഗേഷന്‍ ഓഫീസ്) എന്നിവയുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു.

രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതുമായ ക്യാമറകള്‍ ആണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന ഓഫീസുകളില്‍ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലെങ്കില്‍ അവ എത്രയുംവേഗം ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. 

സി സി ടി വിയിലെ ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ വിപണിയില്‍ 18 മാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വി കള്‍ ഇല്ലെങ്കില്‍ പരമാവധി സമയം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വി ക്യാമറകള്‍ ആണ് സ്ഥാപിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

സിസിടി വിയുടെ പരിധിയില്‍ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനില്‍ ഉണ്ടാകരുത് എന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും ക്യാമറ സ്ഥാപിക്കണം. റിസപ്ഷന്‍, ലോക് അപ്പ്, വരാന്ത, ഇന്‍സ്പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളിലും സി സി ടി വി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ വയ്ക്കണമെന്ന് 2018-ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ഏതൊക്കെ പോലീസ് സ്റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സി സി ടി വി കാമറകള്‍ വെച്ചു എന്ന് അറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും കൃത്യമായ മറുപടി സുപ്രീം കോടതിക്ക് നല്‍കിയില്ല. 

കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും നടപടി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദ്യംചെയ്യല്‍ നടക്കുന്ന ഓഫീസുകളില്‍ സി സി ടി വികള്‍ വെ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

Post a Comment

0 Comments