NEWS UPDATE

6/recent/ticker-posts

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപംകൊണ്ടു; തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.[www.malabarflash.com] 

ന്യൂനമര്‍ദം കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ ഒമ്പത് കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 400 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 800 കിമീ ദൂരത്തിലും എത്തിയിട്ടുള്ളതായി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അടുത്ത 12 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് ബുധനാഴ്ച വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറില്‍ എത്തുകയും ഡിസംബര്‍ നാലിന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് പ്രവചനം. 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം. 

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കില്ല.

ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ നാലുവരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments