NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുല്‍ റഹിമാന്‍ ഔഫ് സജീവ സുന്നി പ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ബുധനാഴ്ച കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കുത്തേററ് മരിച്ച അബ്ദുല്‍റഹിമാന്‍ ഔഫ് കാന്തപുരം സുന്നീ വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.[www.malabarflash.com]

കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുറഹ്മാന്‍ ഔഫ് (32) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ മുസ്‌ലിം ലീഗ് - ഐ.എന്‍.എല്‍, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഔഫിന്റെ കൊലപാതകമെന്നാണ് സൂചന. ആറുമാസം മുമ്പ് നാട്ടിലെത്തിയ ഔഫ് ഐഎന്‍എല്‍ അനുഭാവികൂടിയാണ്.

ഗള്‍ഫിലും നാട്ടിലും സജീവ എസ്‌വൈഎസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫ് പ്രമുഖ പണ്ഡിതന്‍ ആലമ്പാടി ഉസ്താദിന്റെ പേരക്കുട്ടിയാണ്. കാന്തപുരത്തിന്റെ കേരള യാത്രയില്‍ കാസറകോട് മുതല്‍ തിരുവനന്തപുരം വരെ സ്ഥിരാംഗമായിരുന്നു.

ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട് ലീഗ് മുണ്ടത്തോട് വാര്‍ഡ് സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദിന് നേരെ അക്രമമുണ്ടായിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി 11 മണിയോടെ കൊലപാതകം അരങ്ങേറിയതെന്നാണ് സൂചന. 

ബൈക്കില്‍ വരികയായിരുന്ന ഔഫിനെയും സുഹൃത്ത് ഷുഹൈബിനെയും ഒരു സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഔഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷുഹൈബ് അക്രമികളെ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കും മുഖത്ത് പരിക്കുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ ഔഫ് വിവാഹിതനായത്. ഭാര്യ ഷാഹിന ആറുമാസം ഗര്‍ഭിണിയാണ്.

Post a Comment

0 Comments