NEWS UPDATE

6/recent/ticker-posts

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ട്രെന്‍ഡ്’

പത്തനംതിട്ട: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്സൈറ്റ് സജ്ജമായി. ബുധനാഴ്ച  നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് വെബ്സൈറ്റില്‍ തത്സമയം ലഭിക്കും. www-trend.kerala.gov.in എന്ന വെബ്സൈറ്റിലാണ് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ഉണ്ടാകുക.[www.malabarflash.com]


ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ പ്രത്യേകം ക്ലിക്ക് ചെയ്താല്‍ അതത് ഇടങ്ങളിലെ വിവരങ്ങള്‍ കിട്ടും. ഉദാഹണത്തിന് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ അവിടത്തെ ലീഡ് നില അറിയാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തില്‍ മനസിലാകുന്നവിധം സൈറ്റില്‍ കാണാം.

ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍നില വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍ ഐ സി) വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് വെബ്സൈറ്റില്‍ അപ്പ്ലോഡ് ചെയ്യും. 

ട്രെന്‍ഡ് സോഫ്റ്റ് വെയറിലേക്ക് വോട്ടിങ് വിവരം അപ്ലോഡ് ചെയ്യാനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേക മുറി സജ്ജീകരിക്കും. ഡേറ്റാ അപ്ലോഡിങ് സെന്ററിന്റെ മേല്‍നോട്ടം വഹിക്കുക സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വിദഗ്ധനാകും സാങ്കേതിക സഹായങ്ങള്‍ ചെയ്യുക. ബ്ലോക്ക്തല സെന്ററില്‍ ഡേറ്റ എന്‍ട്രിക്കായി അഞ്ചില്‍ കുറയാത്ത ടെക്നിക്കല്‍ അസിസ്റ്റന്റുമാരുണ്ടാകും.

മുനിസിപ്പാലിറ്റികളില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് രണ്ടോ അതിലധികമോ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ഉണ്ടാകും. ഓരോ പോളിങ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിങ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. വോട്ടെണ്ണലില്‍ ഇത്തവണ കുറച്ചുകൂടി സമയം ലാഭിക്കാനുള്ള ക്രമീകരണവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാര്‍ട്ടിയും രേഖപ്പെടുത്തിയ കൗണ്ടിങ് സ്ലിപ്പുകള്‍കൂടി ട്രന്‍ഡ് സോഫ്റ്റ് വേറില്‍നിന്ന് പ്രിന്റ് ചെയ്യും. ഈ സ്ലിപ്പുകളും വോട്ടിങ് യന്ത്രവും കൂടിയാണ് വോട്ടെണ്ണല്‍ മേശയിലേക്ക് വരിക.

യന്ത്രത്തില്‍നിന്ന് വോട്ടുകളുടെ എണ്ണം അതത് സ്ഥാനാര്‍ഥിക്കുനേരെ എഴുതും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സ്ലിപ്പുകള്‍ എഴുതി തയ്യാറാക്കുകയാണ് ചെയ്തിരുന്നത്. വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ സ്ലിപ്പുകള്‍ വരണാധികാരിക്ക് കൈമാറും. വരണാധികാരി ഇത് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് കൈമാറുകയും ട്രെന്‍ഡ് സൈറ്റില്‍ ഓരോ സ്ഥാനാര്‍ഥിയുടെയും പേരിനുനേരേ ചേര്‍ക്കുകയും ചെയ്യും. അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഉടന്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്തു നിന്ന് അനുമതി കൊടുക്കുന്നതോടെ സൈറ്റില്‍ എത്തും. 

ഐ.ടി മിഷന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡേറ്റാ സെന്ററിലാണ് ട്രെന്‍ഡ് സോഫ്റ്റ്വെയര്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കംമ്പ്യൂട്ടറുകളും പ്രിന്ററുകളും നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ ചെയ്യുന്നത് കെല്‍ട്രോണാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബി എസ് എന്‍ എല്‍ ന്റെ ബ്രോഡ്ബാന്‍ഡും കെസ്വാനുമാണ് (kswan) ഇന്റര്‍നെറ്റ് ലൈനായി ഉപയോഗിക്കുക.

Post a Comment

0 Comments