NEWS UPDATE

6/recent/ticker-posts

മുഖ്യമന്ത്രി ജനങ്ങളിലേക്ക്‌ ; നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്റെ വിജയത്തുടർച്ചയ്‌ക്ക്‌ നാന്ദികുറിച്ച്‌ എൽഡിഎഫ് ‌

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയാംഗീകാരത്തിന്‌ പിന്നാലെ നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്റെ വിജയത്തുടർച്ചക്ക്‌ നാന്ദികുറിച്ച്‌ എൽഡിഎഫ്‌. മുഖ്യമന്ത്രി പിണറായി വിജയൻ 14 ജില്ലകളിലും സന്ദർശനം നടത്തി സമഗ്രമായ തുടർവികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കും.[www.malabarflash.com]

ചൊവ്വാഴ്‌ച രാവിലെ കൊല്ലത്തുനിന്നാണ്‌ സന്ദർശനത്തിന്‌ തുടക്കം. ഇതിനായുള്ള പരിപാടികൾക്കും പ്രചാരണങ്ങൾക്കും എൽഡിഎഫ്‌ യോഗം പ്രാഥമിക രൂപം നൽകി.

സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തും. അനുഭവസമ്പത്തുള്ള പ്രമുഖരെ ചർച്ചയിൽ പ്രത്യേകം പങ്കെടുപ്പിക്കും. 

ഭാവി കേരളത്തെക്കുറിച്ച്‌ എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച. കോവിഡ്‌ സാഹചര്യത്തിന്റെ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നത്‌.

സംസ്ഥാന സർക്കാർ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂർത്തീകരണത്തിന്‌ വിജയത്തുടർച്ച പ്രധാനമാണെന്ന്‌ എൽഡിഎഫ്‌ യോഗം വിലയിരുത്തിയതായി കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ തലത്തിലും എൽഡിഎഫിന്‌ വലിയ മുന്നേറ്റം നേടാനായി. 1990നുശേഷം ആദ്യമായാണ്‌ അധികാരത്തിലുള്ള സർക്കാറിന്‌ അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകുന്നത്‌. ഭരണവിരുദ്ധ വികാരം ദൃശ്യമായില്ല. വിജയത്തുടർച്ചയുണ്ടായതാണ്‌ വലിയ സവിശേഷത. സർക്കാരിന്റെ നയങ്ങൾക്കും പ്രവർത്തനത്തിനുമുള്ള വലിയ അംഗീകരമാണ്‌ തെരഞ്ഞെടുപ്പ്‌ ഫലമെന്നും യോഗം വിലയിരുത്തി.

കേരളത്തിൽ, വർഗീയ ധ്രുവീകരണത്തിന്‌ വലിയ പരിശ്രമം നടന്ന തെരഞ്ഞെടുപ്പാണിത്‌. ഭൂരിപക്ഷ–-ന്യൂനപക്ഷ വർഗീയത അതിന്‌ ശ്രമിച്ചു. ഇത്‌ രണ്ടിന്റെയും ഗുണഫലം പങ്കുവയ്‌ക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചു. ബിജെപിക്കൊപ്പവും മുസ്ലിം വർഗീയവാദ ശക്തികൾക്കൊപ്പവുംനിന്ന്‌ വിജയിക്കാമെന്ന വളഞ്ഞ വഴിയാണ്‌ യുഡിഎഫ്‌ നോക്കിയത്‌. മതനിരപേക്ഷതയെ വെല്ലുവിളിച്ച്‌ സാമുദായിക വർഗീയ ധ്രുവീകരണത്തെ വിജയത്തിന്‌ ഉപയോഗിക്കാനുള്ള യുഡിഎഫിന്റെ ശ്രമംകൂടിയാണ്‌ പരാജയപ്പെട്ടതെന്ന്‌ അദ്ദേഹം പറഞ്ഞു.

ബിജെപി അത്യന്തം അപകടകരമായ ശക്തിയാണ്‌. പരിഷ്‌കൃതസമൂഹത്തിന്റെ നിലപാടില്ലാത്ത അവർ ശക്തിപ്പെടാതിരിക്കുക നാടിന്റെ പൊതുതാൽപ്പര്യമാണ്‌. ബിജെപിക്കെതിരെ ഒരു വാക്കും യുഡിഎഫ്‌ ഉച്ഛരിച്ചില്ല. എൽഡിഎഫ്‌ വിജയം രാജ്യത്തെ കർഷക പ്രക്ഷോഭത്തിനും ബിജെപി നയങ്ങൾക്കെതിരായ പോരാട്ടത്തിനും ശക്തിപകർന്നിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

Post a Comment

0 Comments