തിരുവനന്തപുരം: മാർച്ച് ആദ്യവാരമോ രണ്ടാം വാരമോ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.[www.malabarflash.com]
സംസ്ഥാനത്ത് രണ്ടു ഘട്ട തെരഞ്ഞെടുപ്പിനാണു സാധ്യത. ഉദ്യോഗസ്ഥരുടെയും ബൂത്തുകളുടെയും എണ്ണം വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായമാണ് കളക്ടർമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉയർന്നത്. ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ചർച്ചകൾക്കായി എത്തുന്പോൾ അറിയിക്കും. 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ആവശ്യപ്പെടുന്നവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കും. കോവിഡ് രോഗികൾക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കണമെന്നത് ചർച്ചകൾക്കു ശേഷം തീരുമാനിക്കും. സംസ്ഥാനത്തു കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന് 159 കന്പനി സേനയെ ലഭ്യമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 55 കന്പനിയുമുണ്ടായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ആവശ്യത്തിന് സേനയെ അനുവദിക്കാമെന്ന് കേന്ദ്ര കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനായി കൂടുതൽ കർക്കശ നടപടി സ്വീകരിക്കും. വെബ്കാസ്റ്റിംഗ് ഇത്തവണ കൂടുതലായി ഏർപ്പെടുത്തും. കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു.
0 Comments