NEWS UPDATE

6/recent/ticker-posts

കോടികളുടെ തട്ടിപ്പ്​: 251 രൂപക്ക്​ സ്​മാർട്​ഫോൺ ഇറക്കുമെന്ന്​ പറഞ്ഞ മോഹിത്​ ഗോയൽ അറസ്റ്റിൽ

ന്യൂഡൽഹി: 251 രൂപക്ക്​ സ്​മാർട്​ഫോൺ വിപണിയിലിറക്കുമെന്ന പ്രഖ്യാപനവുമായി ഏവരെയും ഞെട്ടിച്ച​ റിങ്​ബെൽ സ്​ഥാപകൻ മോഹിത്​ ഗോയലിനെ ആരും മറന്നു കാണില്ല. അതേ മോഹിത്​ ഗോയൽ ഇപ്പോൾ മറ്റൊരു തട്ടിപ്പ്​ കേസിൽ അറസ്റ്റിലായ വാർത്തയാണ്​ പുറത്ത്​ വന്നിരിക്കുന്നത്​.[www.malabarflash.com]


ഡ്രൈഫ്രൂട്​സ്​ ഇടപാടുമായി ബന്ധപ്പെട്ട്​ പഴക്കച്ചവടക്കാരിൽ നിന്നും 200 കോടി തട്ടിച്ചെന്ന കേസിലാണ്​ ​മോഹിത്തിനെ ഞായറാഴ്ച പോലീസ്​ അറസ്റ്റ്​ ചെയ്​തത്​. മോഹിത്തിനൊപ്പം അദ്ദേഹത്തിന്‍റെ രണ്ട്​ കൂട്ടാളികളെയും നോയിഡ പോലീസ്​ വലയിലാക്കിയിട്ടുണ്ട്​. രണ്ട്​ ആഡംബര കാറുകൾ, ഡ്രൈഫ്രൂട്​സ്​, ചില രേഖകൾ എന്നിവ പോലീസ്​ പിടിച്ചെടുത്തു.

2016ലാണ്​ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്​മാർട്​ഫോൺ എന്ന പ്രഖ്യാപനവുമായി 'ഫ്രീഡം 251' ഫോണുമായി മോഹിത്​ എത്തിയത്​. 251 രൂപ മാത്രമായിരുന്നു വിലയിട്ടത്​. 30,000 പേർ ഫോൺ ബുക്ക്​ ചെയ്​തു. ഏഴ്​ കോടിയാളുകളാണ്​ ഫോൺ വാങ്ങാനായി രജിസ്റ്റർ ചെയ്​തത്​. എന്നാൽ ഫോൺ ബുക്ക്​ ചെയ്​ത ആർക്കും സാധനം കൈയിൽ ലഭിച്ചില്ല. ഇതോടെ കേസുകളിൽ പെട്ട്​ കമ്പനി പൂട്ടി. ഫ്രീഡം 251ഉമായി ബന്ധപ്പെട്ട്​ നിലവിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.​ അക്കൂട്ടത്തിലാണ്​ പുതിയൊരെണ്ണം.

ദുബൈ ഡ്രൈ ഫ്രൂട്​സ്​ ആൻഡ്​ സ്‌പൈസസ് ഹബ് എന്ന പേരിൽ നോയിഡ സെക്​ടർ 62ൽ ഗോയലും അഞ്ച് പേരും ചേർന്ന് ആരംഭിച്ച കമ്പനിയുടെ മറവിലാണ്​ വൻ തട്ടിപ്പ് നടന്നതെന്ന്​ പോലീസ് പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളിൽ നിന്നും മാർക്കറ്റ്​ വിലയേക്കാൾ ഉയർന്ന വില നൽകി ഡ്രൈ ഫ്രൂട്ട്സ് വാങ്ങിയായിരുന്നു ബിസിനസ്​. ആദ്യ ഘട്ടത്തിൽ വിശ്വാസം സമ്പാദിക്കാൻ കച്ചവടക്കാർക്ക്​ പണം മുഴുവനായി നൽകും. കച്ചവടക്കാരുമായി നല്ല ബന്ധത്തിലാകുന്നതോടെ വലിയ തോതിൽ പഴം വാങ്ങുകയും 40 ശതമാനം വില നെറ്റ് ബാങ്കിങ് മുഖേനെ ആദ്യം കൈമാറും.

ബാക്കി തുക ചെക്കായി നൽകും. മോഹിത്തും കൂട്ടരും നൽകിയ ചെക്കുകൾ ബാങ്കിൽ നിന്ന്​ മടങ്ങിയതോടെയാണ്​ വ്യാപാരികൾ​ തട്ടിപ്പ്​ പിണ​ഞ്ഞതെന്ന്​ മനസിലായി പരാതിയുമായെത്തിയത്​. പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിൽ നിന്നായി കമ്പനിക്കെതിരെ 40ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്​.

വ്യാപാരികളിൽ നിന്ന്​ സ്വന്തമാക്കിയ പഴങ്ങൾ കമ്പനി ഓൺലൈൻ മാർക്കറ്റിലൂടെ വിൽപന നടത്തി പണം സമ്പാദിക്കുകയായിരുന്നു.

Post a Comment

0 Comments