NEWS UPDATE

6/recent/ticker-posts

ഔഫിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

കാഞ്ഞങ്ങാട്: കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. വെളളിയാഴ്ച വൈകിട്ട് കല്ലൂരാവി മുണ്ടതോടിലെ തെങ്ങിന്‍ തോപ്പില്‍ നിന്നാണ് മൂര്‍ച്ചയേറിയ കത്തി കണ്ടെടുത്തത്.[www.malabarflash.com]

കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഇര്‍ഷാദിനെ കൊല നടന്ന സ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെത്തിയത്. കൃത്യത്തിനു ശേഷം കത്തി ഉപേക്ഷിച്ച സ്ഥലം പ്രതി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.

കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ദാമോദരന്റെ നേതൃത്വത്തിലാണ് ഇര്‍ഷാദിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷണപിള്ളയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ട സമയത്ത് ശേഖരിച്ച രക്തസാമ്പിള്‍ കോടതിയില്‍ ഹാജരാക്കി.

കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ തുടങ്ങിയ മൂന്നു പ്രതികളെ കോടതി ആറ് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

Post a Comment

0 Comments