ജനുവരി ഒന്നിന് പുലർച്ചെയാണ് അത്തിയടുക്കം പട്ടിക വർഗകോളനിയിലെ എട്ടു യുവാക്കൾ വനവിഭവങ്ങൾ ശേഖരിക്കാനായി കർണാടക വനത്തിലേക്കു പോയത്. സാധാരണ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർ രണ്ടു ദിവസം കഴിഞ്ഞു മടങ്ങിവരവ് പതിവാണെന്നും എന്നാൽ അത്തിയടുക്കത്തുനിന്ന് പോയവർ അഞ്ചു ദിവസം പിന്നിട്ടിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
വിശാലമായ കർണാടക വനത്തിലെ ഉൾക്കാട്ടിൽ പൊന്നൻ പൂവ് ശേഖരിക്കുന്നതിനായാണ് യുവാക്കൾ പോയത്. ഈ പ്രദേശത്തുള്ളവർ വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറ് പതിവാണ്. എന്നാൽ പുതുവർഷ പുലരിയിൽ പുറപ്പെട്ടവർ തിരിച്ചെത്താത്തത് ആശങ്കയ്ക്കിട വരുത്തിയിട്ടുണ്ട്.
ഇതിനിടെ അത്തിയടുക്കത്തെ യുവാക്കളെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയെന്ന വാർത്ത പുറത്തുവന്നതോടെ പഞ്ചായത്തംഗം മോൻസി ജോയി, മുൻ മെംബറും പട്ടികവർഗ നേതാവുമായ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ പുളിങ്ങോം ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കേരള-കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും ഇവർ ബന്ധപ്പെട്ടിരുന്നു.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധങ്ങളുമായിട്ടാണ് യുവാക്കൾ വനത്തിലേക്കു പോയതെന്നും പറയുന്നു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്.
0 Comments