NEWS UPDATE

6/recent/ticker-posts

സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഗെലോട്ടിന്റെ പ്രസംഗം; വെള്ളം ചേര്‍ക്കാതെ പരിഭാഷപ്പെടുത്തി ചെന്നിത്തല


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയും ഇഡിയും ഉള്‍പ്പെടെയുള്ള ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും ആരോപണങ്ങളെ നേരിട്ടത്.[www.malabarflash.com]

കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ആയുധമാക്കുന്ന നിലപാടാണ് യുഡിഎഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ ചുമതലയുമായെത്തിയ എഐസിസി നിരീക്ഷകനും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് നടത്തിയ പ്രസ്താവന പ്രതിപക്ഷ നേതാവിന് തിരിച്ചടിയായിരിക്കുകയാണ്.

"കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജസ്ഥാനില്‍ ജനകീയമായ പ്രതിരോധത്തിലൂടെയാണ് ഇതിനെ അതിജീവിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്."

എഐസിസി നിരീക്ഷകന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതാകട്ടെ മുന്‍ ഹിന്ദി അദ്ധ്യാപകന്‍ കൂടിയായ രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങള്‍ക്കെതിരെ ഭരണപക്ഷവും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്ന വിമര്‍ശനം സ്വന്തം നേതാവിന്റെ നാവില്‍ നിന്ന് വന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് അതുപോലെ തന്നെ പരിഭാഷപ്പെടുത്താതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ.

"കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ അശോക് ഗെലോട്ട് പറഞ്ഞത് ശെരിയാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. രണ്ടും കൂട്ടികെട്ടണ്ട. ഗെലോട്ടിന്റെ പ്രസംഗം വളച്ചൊടിക്കണ്ട."

ഗെലോട്ടിന്റെ പ്രസംഗം എല്‍ഡിഎഫ് ആയുധമാക്കി കഴിഞ്ഞു. ഗെലോട്ട് കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുമ്പോള്‍ ഇവിടുത്തെ കോണ്‍ഗ്രസ് കേന്ദ്രത്തെ അനുകൂലിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി നീക്കുപോക്കുണ്ടെന്നും വിജയരാഘവന്‍ ആരോപിച്ചു.

പ്രതിപക്ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെന്നും സര്‍ക്കാരിന്റെ അഴിമതി ചൂണ്ടികാട്ടി പ്രതിപക്ഷ ധര്‍മ്മം പൂര്‍ത്തിയാക്കിയെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ തിരുത്തിച്ചു. അന്തസുള്ള രീതിയില്‍ പ്രതിപക്ഷം സഭയില്‍ പെരുമാറി ഐശ്വര്യ കേരളയാത്ര ജനുവരി 31ന് ആരംഭിക്കും. സംശുദ്ധം സത്ഭരണം ആണ് മുദ്രാവാക്യം. 

കെ വി തോമസ് എന്നും കോണ്‍ഗ്രസിനൊപ്പം തുടരും. ഉറച്ച കോണ്‍ഗ്രസുകാരനാണ് അദ്ദേഹം. പരാതികള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments