NEWS UPDATE

6/recent/ticker-posts

ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; ഒരു വിഭാഗത്തിനെതിരെ മാത്രം കേസെടുത്തുവെന്നാരോപിച്ച് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെ ചൊല്ലിയുണ്ടായ സംഭവത്തിൽ നാട്ടുകാർ ഉൾപ്പെട്ട ഒരു വിഭാഗത്തിനെതിരെ മാത്രം പോലീസ് കേസെടുത്തുവെന്നാരോപിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തി.  
 ഞായറാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]

മാൻപിച്ചിയടുക്കത്ത് കഴിഞ്ഞ ദിവസം സംഘർഷാവസ്ഥയുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്തതിൻ്റെ പേരിലാണ് അക്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവരുടെ അക്രമത്തിൽ സ്ഥലത്തെ യുവാക്കൾക്ക് പരുക്കേറ്റിരുന്നു. അക്രമികളുടെ പരാതിയിൽ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്.പരുക്കേറ്റ നാട്ടുകാരുടെ മൊഴി പോലും എടുത്തിട്ടില്ലെന്നും അവർ ആരോപിച്ചു. 

അതിനിടെ കേസിൽ പെട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചത്. പോലീസ് കഞ്ചാവ് മാഫിയയ്ക്ക് കൂട്ടു നിൽക്കുന്നുവെന്ന് പറഞ്ഞാണ് നാട്ടുകാർ സംഘടിച്ചത്. 

വിവരമറിഞ്ഞ് പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ അരവിന്ദൻ വാർഡ് അംഗം കെ. വി കുഞ്ഞമ്പു തുടങ്ങിയവർ പോലീസ് സ്റ്റേഷനിലെത്തി. അതിനിടെ ആശുപത്രിയിൽ കഴിയുന്നവരിൽ നിന്നും നാട്ടുകാരുടെ മൊഴിയെടുക്കുമെന്നും കേസെടുക്കുമെന്നും ഉറപ്പ് നൽകിയെങ്കിലും പോലീസുമായി നാട്ടുകാർ ഏറെ നേരം തർക്കിച്ചു.

Post a Comment

0 Comments