കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമാനി മാധ്യമങ്ങളെ കാണുന്നുണ്ട്.
നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി ലഭിച്ചാൽ ഉപയോഗിക്കാനാകുക. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
എന്നാൽ വാക്സിൻ അനുമതി നൽകുന്നതിന് മുന്നോടിയായി എന്തെല്ലാം വിവരങ്ങളാണ് വിദഗ്ധസമിതിക്ക് മുമ്പാകെ രണ്ട് കമ്പനികളും സമർപ്പിച്ചിരിക്കുന്നത് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ മൂന്നാംഘട്ടപരീക്ഷണം നവംബർ മധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നൽകേണ്ട കൊവാക്സിന്‍റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, ഇന്ത്യയിൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് നിലവിൽ നിയന്ത്രിതഘട്ടങ്ങളിൽ അനുമതി നൽകിയിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നൽകുന്നത് യുകെയിൽ നിന്നുള്ള കോവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാഡില ഹെൽത്ത്കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നൽകി. ബയോടെക്നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്.
അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തരഉപയോഗ അനുമതി നൽകിയിരിക്കുന്നത്.
അനുമതി ലഭിച്ചാൽ വൻതോതിലുള്ള ഒരു വാക്സിൻ വിതരണയജ്ഞത്തിനാണ് കേന്ദ്രസർക്കാരിന് തയ്യാറെടുക്കേണ്ടത്. അതിന്‍റെ ഭാഗമായാണ് ശനിയാഴ്ച ഡ്രൈറൺ നടത്തിയത്. വാക്സിൻ വിതരണത്തിനുള്ള എല്ലാ ഘട്ടങ്ങളും അതേപടി പാലിച്ചുകൊണ്ടുള്ള പരിശീലനപരിപാടിയാണ് വാക്സിൻ ഡ്രൈറൺ.
ആദ്യഘട്ടവാക്സിനേഷൻ യജ്ഞത്തിൽ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറ്റ് ചെയ്യേണ്ടത്. ഇതിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പോലീസുദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധസേവകർ, മുൻസിപ്പൽ പ്രവർത്തകർ എന്നിവരും ഉൾപ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേർ.
ഡിസംബറിൽത്തന്നെ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കൈമാറാൻ കേന്ദ്രസർക്കാർ വിവിധ സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചിരുന്നു.
0 Comments