ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിക്ക് തുടക്കം. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽനിന്ന് കർഷകർ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു. പോലീസ് തീർത്ത ബാരിക്കേഡുകളും ട്രക്കുകളും നീക്കിയാണ് കർഷകരുടെ മുന്നേറ്റം.[www.malabarflash.com]
സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒ മേഖലയിൽ സംഘർഷം നടക്കുകയാണ്. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.
അതേസമയം ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്‍റെ ശ്രമം പരാജയപ്പെട്ടു.
ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്. നാലുലക്ഷത്തോളം കർഷകർ ട്രാക്ടർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രാക്ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു.
0 Comments