മലപ്പുറം: ഹജ്ജ് യാത്രക്കായുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തെ ഒഴിവാക്കി കേന്ദ്രം. വിമാനത്താവളങ്ങളുടെ എണ്ണം പത്താക്കി ചുരുക്കിയതാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.[www.malabarflash.com]
കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രകള്‍ സജ്ജീകരിക്കുന്നത്. സൗദിയുടെ നിര്‍ദ്ദേശപ്രകാരം ലോകമെമ്പാടും നിന്നുള്ള ഹജ്ജ് യാത്രകളുടെ എണ്ണവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും തീര്‍ത്ഥാടകരുടെ എണ്ണം കുറവായതിനാല്‍ നെടുമ്പാശ്ശേരിക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.
എന്നാല്‍, കേരളത്തില്‍ ഏറ്റവുമധികം ഹജ്ജ് തീര്‍ത്ഥാടകരുള്ളത് വടക്കന്‍ കേരളത്തില്‍നിന്നാണ്. കരിപ്പൂരില്‍നിന്നാണ് അധികമാളുകളും ഹജ്ജ് യാത്ര നടത്താറുള്ളത്. പട്ടികയില്‍നിന്നും കരിപ്പൂരിനെ ഒഴിവാക്കുന്നതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാവും നേരിടേണ്ടി വരിക. നെടുമ്പാശ്ശേരിയിലേക്കുള്ള മണിക്കൂറുകളുള്ള യാത്രയും തുടര്‍ന്നുള്ള വിമാനയാത്രയും പ്രായാധിക്യമുള്ള ഹജ്ജ് യാത്രികര്‍ക്ക് ദുരിതപൂര്‍ണമായേക്കും.
വൈറ്റ് ബോഡി വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി കരിപ്പൂരിന് ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ കഴിയില്ലെന്നതും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, കരിപ്പൂരിലെ വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ എല്ലാത്തരം യാത്രകള്‍ക്കും സജ്ജമാണെന്ന് അധികൃതരും രാഷ്ട്രീയ നേതാക്കളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഹജ്ജ് വിമാനങ്ങള്‍ക്കുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നത്.
അടുത്ത ജൂണിലാണ് ഹജ്ജ് യാത്രക്കുള്ള സമയം. അപ്പോഴേക്കും ഇതില്‍ മാറ്റമുണ്ടാവുമോ എന്നകാര്യത്തില്‍ വ്യക്തതകളില്ല. ഹജ്ജ് വിമാനങ്ങളുടെ അനുമതിക്കായി താന്‍ പലതവണ കേന്ദ്രമന്ത്രാലയത്തിന് അപേക്ഷകള്‍ നല്‍കിയിരുന്നെന്ന് എയര്‍പോട്ട് ഡയറക്ടര്‍ റാവു അറിയിച്ചു.
0 Comments