NEWS UPDATE

6/recent/ticker-posts

നിർത്തിയിട്ട ലോറി തട്ടിയെടുത്ത് ഒരു ടണ്ണോളം പത്രക്കെട്ടുകൾ മോഷ്ടിച്ച് വിറ്റ് ലോറി തിരികെ വച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതി അവസാനം വലയിലായി. കോഴിക്കോട് നെല്ലിക്കോട് പറയരുക്കണ്ടി സ്വദേശി അനീഷി (36) നെയാണ് നോർത്ത് അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് സബ്ബ് ഇൻസ്പെക്ടർ സിപി ഭാസ്കരനും ചേർന്ന് പിടികൂടിയത്.[www.malabarflash.com]


ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിൽ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലം രാഷ്ട്രദീപിക പത്രത്തിൻ്റെ പഴയ ഓഫീസായ ജ്യോതിസ് കോംപ്ലസിൽ സൂക്ഷിച്ചുവെച്ച ഒരു ടണ്ണിലധികം ദീപിക,രാഷ്ട്ര ദീപിക പത്രക്കെട്ടുകൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പോലീസിൻ്റെ പിടിയിലായ അനീഷ്.

നിരവധി വാഹന മോഷണ കേസുകളിലും പ്രതിയായ അനീഷ് തൊണ്ടയാട് പാലത്തിനടിയിൽ നിന്നും രാത്രി ലോറി മോഷണം നടത്തിയ ശേഷം എരഞ്ഞിപ്പാലത്ത് എത്തുകയും ഗോഡൗണിൻ്റെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന് സൂക്ഷിച്ചു വെച്ചിരുന്ന പത്ര കെട്ടുകൾ വാഹനത്തിൽ സ്വന്തമായി കയറ്റുകയും പിന്നീട് വെങ്ങളത്തുള്ള ആക്രിക്കടയിൽ വില്പന നടത്തിയ ശേഷം മോഷ്ടിച്ച ലോറി തൊണ്ടയാട് തന്നെ തിരിച്ചു കൊണ്ട് വെക്കുകയും ചെയ്തു. വില്പന നടത്തിയ പത്രക്കെട്ടുകൾ ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.

മോഷണം നടന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷണം നടത്തിയത് അനീഷ് ആണെന്ന കൃത്യമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്,കർണ്ണാടക ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിനടക്കുകയാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കോഴിക്കോട് നഗരത്തിലെ പത്തോളം മോഷണകേസുകൾക്ക് തുമ്പുണ്ടായെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ മെഡിക്കൽ കോളേജ്, നടക്കാവ്,വടകര, തേഞ്ഞിപ്പാലം സ്റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. നടക്കാവ് ജി-ടെക്ക് സെൻ്ററിൽ നിന്നും ഇൻവെർട്ടർ ബാറ്ററി മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മോഷണം നടത്തി വരികയായിരുന്നു.

കോഴിക്കോടസിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം ഷാലു, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത് കൂടാതെ നടക്കാവ് സ്റ്റേഷനിലെ ദിനേശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments