NEWS UPDATE

6/recent/ticker-posts

യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാക വീശിയത് മലയാളി

വാഷിംഗ്ടണ്‍: യു എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാക വീശിയത് മലയാളി. എറണാകുളം സ്വദേശിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ എന്നയാളാണ് ഇന്ത്യന്‍ പതാക വീശിയത്. പതാക വീശിയത് താന്‍ തന്നെയാണെന്ന ആരോപണം അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ നിഷേധിച്ചില്ല.[www.malabarflash.com] 

എന്നാല്‍, പ്രക്ഷോഭത്തിനിടെ 50ഓളം പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം പേരാണ് ട്രംപിന് അനുകൂലമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമത്തിനെതിരെയാണ് സമരം നടത്തിയതെന്നും തെരഞ്ഞെടുപ്പ് കൃത്രിമം തെളിയിക്കാന്‍ സമയം വേണമെന്നും വിന്‍സെന്റ് സേവ്യര്‍ പറഞ്ഞു. അമേരിക്കയില്‍ ട്രംപ് അനുകൂലികളായ വിവിധ രാജ്യക്കാര്‍ അവരുടെ രാജ്യത്തിന്റെ പതാക കൈയിലേന്താറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

അദ്ദേഹം തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഇയാള്‍ കടുത്ത ട്രംപ് അനുകൂലിയാണെന്ന് വ്യക്തമാണ്. ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ മാര്‍ച്ചിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പതാക ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇയാളുടെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മറ്റൊരു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെക്കെതിരെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമത്തിനിടെ ഇന്ത്യയുടെ ദേശീയ പതാക കണ്ടത് രാജ്യാവ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍ ഇന്ത്യക്കാര്‍ മാത്രമല്ല, വിയറ്റ്നാമികള്‍, കൊറിയക്കാര്‍ തുടങ്ങിയ നിരവധി പേര്‍ അവരുടെ ദേശീയ പതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സേവ്യര്‍ പറയുന്നു. 

വ്യാഴാഴ്ചയാണ് യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറിയത്. ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള കോണ്‍ഗ്രസ് യോഗം നടക്കുന്നതിനിടക്കാണ് സംഭവമുണ്ടായത്.

Post a Comment

0 Comments