NEWS UPDATE

6/recent/ticker-posts

ലീഗിന് മുന്നറിയിപ്പ്; സിപിഎം ജില്ലാ സെക്രട്ടറിയെ പരിപാടിയില്‍ പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്എഫ്

കോഴിക്കോട്: മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കിയും സിപിഎമ്മിനോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ചും സമസ്ത. അവകാശ സംരക്ഷണത്തിനായി എസ്.കെ.എസ്.എസ്എഫ് നടത്തുന്ന മുന്നേറ്റ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ പങ്കെടുപ്പിച്ചു.[www.malabarflash.com]

മുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്. ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികളും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തില്‍ പങ്കെടുത്ത് പിണറായിയെ പ്രശംസിച്ച സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും പരിപാടിയിലുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സംബന്ധിച്ച് മുസ്ലിം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഭിന്നത രൂക്ഷമായി കൊണ്ടിരിക്കെ ഒരാഴ്ച മുമ്പ് സമസ്ത നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുകയുണ്ടായി. പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ലീഗ് വിലക്കേര്‍പ്പെടുത്തിയെ വാര്‍ത്തകള്‍ക്കിടെയായിരുന്നു സന്ദര്‍ശനം.

ഇതിന് പിന്നാലെയാണ് ജനപ്രതിനിധി അല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയെ സ്വന്തം വേദിയിലേക്ക് സമസ്ത ക്ഷണിച്ചത്. സമസ്തയുടെ കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ കൂടിയായിട്ടാണ് പി.മോഹനനെ ക്ഷണിച്ചതെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments