NEWS UPDATE

6/recent/ticker-posts

കാസര്‍കോട് നഗരസഭയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടാനിടയായതില്‍ പ്രതിഷേധിച്ച് രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതിന് കാരണം മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാരോപിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മുചാലയും അസ്മ മുഹമ്മദും രാജിവെച്ചു.[www.malabarflash.com]

കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഇരുവരും മുസ്‌ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിക്ക് കൈമാറി. നഗരസഭയിലെ 12-ാം വാര്‍ഡ് അംഗമാണ് മമ്മുചാല. അസ്മ മുഹമ്മദ് 13-ാം വാര്‍ഡ് അംഗമാണ്.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മമ്മുചാലക്ക് മൂന്നും ബി.ജെ.പിയിലെ കെ രജനിക്ക് മൂന്നും വോട്ടുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ വിജയിച്ചത് രജനിയായതിനാല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. 

1995-2000 കാലയളവിന് ശേഷം ആദ്യമായാണ് ബി.ജെ.പിക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനം കൈവരാന്‍ അവസരമുണ്ടാക്കിയത് ലീഗിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണെന്നാണ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തുന്നത്. 

സി.പി.എം കൗണ്‍സിലറുടെയും വിമത കൗണ്‍സിലര്‍മാരുടെയും പിന്തുണ നേടിയെടുക്കാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയിരുന്നുവെങ്കില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കില്‍ പിന്തുണ നല്‍കുമായിരുന്നുവെന്നാണ് വിമത കൗണ്‍സിലര്‍മാര്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് റോഡില്‍ വിമതസ്ഥാനാര്‍ഥിയായി മത്സരിച്ച റഷീദ് പൂരണം രേഖാമൂലം ആവശ്യപ്പെടാതെ തന്നെ പിന്നീട് ലീഗിന് പിന്തുണ നല്‍കിയിരുന്നു. ഇത്തവണ രേഖാമൂലം ആവശ്യപ്പെടണമെന്ന നിലപാടില്‍ ലീഗ് വിമതര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം അതിന് തയ്യാറായതുമില്ല.

Post a Comment

0 Comments