NEWS UPDATE

6/recent/ticker-posts

വൈറ്റില പാലം തുറന്നു; ചിലര്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധനേടാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

കൊച്ചി: കാത്തിരിപ്പിനും ഗതാഗത കുരുക്കിനും വിരാമമിട്ട് വൈറ്റില മേല്‍പാലം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 11 മണിയോടെ കുണ്ടന്നൂര്‍ പാലവും ഉദ്ഘാടനം ചെയ്യും. ഗതാഗത കുരുക്കിന് ഏറെ കുറേ പരിഹാരമാവുമെന്നാണ് കരുതുന്നത്.[www.malabarflash.com]


പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നത് അഭിമാനമാണെന്ന് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നിരവധി പ്രതിസന്ധിക്കിടയിലും വളരെ വേഗത്തില്‍ തന്നെ പാലം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വി ഫോര്‍ കൊച്ചി സംഘടനക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധ നേടാനാണ് ശ്രമിച്ചത്. പ്രതിസന്ധി ഘട്ടത്തിലൊന്നും ഇക്കൂട്ടരെ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം അനധികൃതമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതിന് മൂന്ന് വിഫോര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

‘മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥതയാണ്. ജനകീയ വാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്ത് വന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്.അരാജകത്വത്തിന് കൂട്ട് പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെ.’ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷക്കെതിരേയും മുഖ്യമന്ത്രി പരോക്ഷമായി രംഗത്തെത്തി. ‘നീതി പീഡത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാന്‍ ഒരുങ്ങിയാലോ. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്.’ മുഖ്യമന്ത്രി ചോദിച്ചു.

Post a Comment

0 Comments