പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് ഖമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു.
ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളിൽ കൂടി കഴിഞ്ഞ ദിവസം എംഎൽഎക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന എംഎൽഎ പുറത്തിറങ്ങിയത്.
ജയിലിൽ നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഖമറുദീൻ തേങ്ങി കരഞ്ഞു. തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്ന് എംഎൽഎ പറഞ്ഞു. തന്നെ മൂന്ന് മാസം ജയിലിൽ പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും ഖമറുദ്ദീൻ പറഞ്ഞു.
പി ബി അബ്ദുറസാഖിന്റെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോൾ മുതലാണ് തുടങ്ങിയതാണ് തനിക്കെതിരെയുള്ള ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ വരെ അതിൻ്റെ ഭാഗമാണ് -ഖമറുദ്ദീൻ പറഞ്ഞു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മഞ്ചേശ്വരത്ത് ഖമറുദ്ദീന് വീണ്ടുമൊരവസരം കൊടുക്കാൻ ഇനി മുസ്ലീം ലീഗ് തയ്യാറാവില്ല എന്നാണ് സൂചന.
0 Comments