NEWS UPDATE

6/recent/ticker-posts

പ്രശ്‌നം മാറാൻ സ്വർണം അലമാരയിൽ വെക്കണം: എടുക്കാൻ മറ്റൊരാളെ ഏൽപ്പിക്കും, ഈ മന്ത്രവാദിയുടെ തട്ടിപ്പ് ഇങ്ങനെ

മലപ്പുറം: മാന്ത്രിക വിദ്യകൾ കാണിച്ച ശേഷം സ്വർണ്ണം കവരുന്ന തട്ടിപ്പ് 'മന്ത്രവാദി' പിടിയിൽ. തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ പാലക്ക വളപ്പിൽ വീട്ടിൽ ഷിഹാബുദ്ദീൻ (37) ആണ് പോലീസിന്റെ പിടിയിലായത്.[www.malabarflash.com] 

തകിടുപയോഗിച്ച് മാന്ത്രിക വിദ്യകൾ കാണിച്ച് വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റും. തുടർന്ന് കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്‌നങ്ങൾ തീർക്കാൻ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിക്കണമെന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടിലെ തന്നെ മറ്റാരെയെങ്കിലും കൊണ്ട് ആഭരണങ്ങൾ പുറത്തെടുക്കുകയും അത് കൈക്കലാക്കി കടന്നു കളയും ചെയ്യും.


ഇപ്രകാരം അലമാരയിൽ വച്ച് സൂക്ഷിക്കുന്ന സ്വർണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പരസ്പരം സംസാരിക്കരുത് എന്ന് നിർദേശിച്ച ശേഷമാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുന്നതിനാൽ തട്ടിപ്പ് നടന്ന കാര്യം സാവധാനം മാത്രമേ പുറത്തറിയൂ എന്നതിനാലാണ് ഇത്തരം മാർഗം ഉപയോഗിക്കുന്നതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് 25 പവൻ സ്വർണം തട്ടിയ കേസിൽ ഷിഹാബുദ്ദീനിനെ പിടികൂടിയത്.

ഇയാളുടെ പേരിൽ സമാനമായ നിരവധി കേസുകൾ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വാട്‌സ് ആപ്പും ഫേസ് ബുക്കും ഫോൺ വിളികൾ തുടങ്ങിയവയിലൂടെയാണ് പ്രതി സ്ത്രീകളെ ചതിയിൽപ്പെടുത്തുന്നത്. ഇത്തരത്തിൽ കൈക്കലാക്കുന്ന സ്വർണം മലപ്പുറം ജില്ലയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും അങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്.

Post a Comment

0 Comments