NEWS UPDATE

6/recent/ticker-posts

വീക്ഷണത്തിലെ ആദരാഞ്ജലി പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വീണ്ടും കൊഴുക്കുന്നു


കാസര്‍കോട് : മുഖപത്രം വീക്ഷണത്തിലെ ആദരാഞ്ജലി പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ വീണ്ടും കൊഴുക്കുന്നു. വീക്ഷണം എംഡിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജയ്‌സണ്‍ ജോസഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണെന്ന വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് ഭിന്നത രൂക്ഷമായത്.[www.malabarflash.com]

ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണ് ചില സംശയങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത് ഐ ഗ്രൂപ്പാണെന്ന ആരോപണം എ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ആദരാഞ്ജലി പരാമര്‍ശത്തിലൂടെ യാത്രയെ അധിക്ഷേപിച്ചതെന്നാണ് ഐ ഗ്രൂപ്പിലെ ചര്‍ച്ചകള്‍.

പരാമര്‍ശത്തില്‍ തനിക്ക് അതൃപ്തിയില്ലെന്നും സംഭവിച്ചത് സബ് എഡിറ്ററുടെ പിഴവ് മാത്രമാണെന്നുമാണ് ചെന്നിത്തല വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രകോപിതനായ ചെന്നിത്തല ജയ്‌സണ്‍ ജോസഫിനെ വിളിച്ച് ശകാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

മാത്രമല്ല, കേരള യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വീക്ഷണത്തിലെ ആദരാഞ്ജലി പ്രയോഗം അച്ചടിച്ച് വന്നതിനെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് പുറത്തുവന്ന വിവരം. നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന തരത്തില്‍ വന്ന വാര്‍ത്തയും അതില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചയായെന്നും സൂചനയുണ്ട്.

അതേസമയം, ചെന്നിത്തലയുടെ കേരള യാത്ര അവസാനിക്കുന്നതുവരെ വീക്ഷണത്തിന്റെ അവസാനപേജില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു . റിപ്പോര്‍ട്ടര്‍ ചാനലിലാണ് ജയ്‌സണ്‍ ജോസഫിന്റെ പ്രതികരണം. 

ജയ്സണ്‍ ജോസഫിന്റെ വാക്കുകള്‍: ‘എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും വീക്ഷണത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തി എന്ന നിലയിലും വീക്ഷണത്തില്‍ വന്ന പരസ്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കാസര്‍കോട് ബ്യൂറോയുടെ ഉത്തരവാദിത്തത്തില്‍ വന്ന പരസ്യത്തില്‍ ബന്ധപ്പെട്ട ആളുകള്‍ക്കിടയില്‍നിന്നും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ വിശദീകരണം തേടി നടപടി സ്വീകരിക്കും. 

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ പ്രിയങ്കരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമ ലോബികള്‍ ഇതിന് പിന്നിലുണ്ടോ എന്ന് സംശയം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വീക്ഷണം മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.’

കാസര്‍കോട് ബ്യൂറോ പുറത്ത് ഏല്‍പിച്ച ഏജന്‍സി വഴിയാണ് പരസ്യം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ‘നാളെ മുതല്‍ ജാഥയുടെ പ്രാധാന്യം വ്യക്തമാക്കി വീക്ഷണത്തിന്റെ അവസാനത്തെ പേജില്‍ ഇത്തരം പരസ്യങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. പരസ്യങ്ങളുണ്ടെങ്കില്‍ അത് വേറെ പേജായി ചെയ്യും. ജാഥ തീരുന്നതുവരെ അവസാന പേജിലെ പരസ്യം ഉണ്ടായിരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വര്‍ഷം സംസ്ഥാനത്തിന്റെ കരുത്തുറ്റ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടതുപക്ഷ ശക്തികള്‍ ശ്രമിക്കും എന്നതില്‍ സംശയമില്ല. അത്തരം ശക്തികള്‍ ഇതിന് പിന്നിലുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കും. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഐഎം വിചാരിച്ചാല്‍ കോണ്‍ഗ്രസിന്റെ മുഖപത്രത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അന്വേഷണം നടത്തും എന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.

Post a Comment

0 Comments