മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ എന്നീ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.
ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 77 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.
മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് ബാദലാണ് ഭട്ടിന്‍ഡ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് ബാദല്‍ അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിരോമണി അകാലിദള്‍ ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ശിരോമണി അകാലിദളിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് കര്‍ഷക പ്രക്ഷോഭത്തിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
എട്ട് കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളിലേക്കുമായി ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊഹാലി കോര്‍പ്പറേഷനിലെ രണ്ടു ബൂത്തിലടക്കം വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടന്നു.
9,222 സ്ഥാനാര്‍ഥികളാണ് ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍. 2832 സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചു. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നില്ല. 1003 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1569 സ്ഥാനാര്‍ഥികളുണ്ടായിരുന്നു.
0 Comments