NEWS UPDATE

6/recent/ticker-posts

ഔഫ് അബ്ദുള്‍ റഹ്മാന്‍ കുടുംബസഹായ ഫണ്ട് എ വിജയരാഘവന്‍ കൈമാറി

കാഞ്ഞങ്ങാട്: മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം ഔഫ് അബ്ദുള്‍ റഹ്മാന്റെ കുടുംബത്തെ സഹായിക്കുന്നതിന് ഡിവൈഎഫ്‌ഐ സ്വരൂപിച്ച 68,63,068 രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വിതരണം ചെയ്തു.[www.malabarflash.com]

കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് തുക ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. രണ്ടു ദിവസം ജില്ലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഹൂണ്ടികപ്പിരിവിലൂടെയാണ് തുക സമാഹരിച്ചത്. 


45 ലക്ഷം രൂപ കുടുംബത്തിന് നേരിട്ട് നല്‍കി. ഔഫ് അബ്ദുള്‍ റഹ്മാന്റെ ഉമ്മ കെ പി ആയിഷയുടെ പേരില്‍ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപയുടെ രേഖ, ഭാര്യ ഷാഹിനയുടെ പേരില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപയുടെ രേഖ, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പേരില്‍ സംയുക്ത അക്കൗണ്ടില്‍ സ്ഥിരനിക്ഷേപം നടത്തിയ 25 ലക്ഷത്തിന്റെ രേഖ എന്നിവ ഔഫിന്റെ അമ്മാവന്‍ അബ്ദുള്‍ഖാദര്‍, ഷാഹിനയുടെ സഹോദരന്‍ ആഷിഖ് എന്നിവര്‍ ഏറ്റുവാങ്ങി. 

ബാക്കി തുക ഔഫിന്റെ സ്മാരകമായി പഴയകടപ്പുറത്ത് സ്ഥാപിക്കുന്ന ഗ്രന്ഥാലയം നിര്‍മാണത്തിനും ഔഫിന്റെ കേസ് നടത്തിപ്പിനും ചെലവഴിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ അറിയിച്ചു. 

ഫണ്ട് കൈമാറുന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടന്‍, എം പൊക്ലന്‍, വി വി രമേശന്‍, ഏരിയാസെക്രട്ടറി കെ രാജ്‌മോഹനന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രേവതി കുമ്പള, കെ സബീഷ്, രതീഷ് നെല്ലിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ എന്‍ പ്രിയേഷ്, വിപിന്‍ കാറ്റാടി, വാര്‍ഡ് മെമ്പര്‍, ഫൗസിയ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു. ജില്ലാസെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments