കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ ‘ചെത്തുതൊഴിലാളിയുടെ മകന്‍’ പരാമര്‍ശത്തേച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.[www.malabarflash.com]പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും എംഎല്‍എ ഷാനിമോള്‍ ഉസ്മാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി. ചെന്നിത്തല വാക്ക് മാറ്റിയെന്ന് സുധാകരന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ഇന്ന് വാക്ക് മാറ്റിയത് എന്തിനെന്ന് ചെന്നിത്തല പറയണം. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. എന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോയെന്നും സുധാകരന്‍ ചോദിച്ചു.
വിവാദത്തിന് പിന്നില്‍ സിപിഐഎം അല്ല. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ഷാനിമോള്‍ ഉസ്മാന്റെ ഉദ്ദേശത്തില്‍ സംശയമുണ്ട്. ഷാനിമോളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു.
കെപിസിസി പ്രസിഡന്റ് പറയുന്നതല്ല എനിക്ക് വലുത്. വ്യക്തിത്വം സംരക്ഷിക്കലാണ് തനിക്ക് പ്രധാനം. പ്രസംഗ ശൈലിയും രാഷ്ട്രീയ ശൈലിയും ആര്‍ക്കു വേണ്ടിയും മാറ്റില്ല. പിണറായിയേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ജാതി പറഞ്ഞിട്ടില്ല. പ്രസ്താവനയില്‍ തെറ്റുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. എന്റെ വാക്കില്‍ ജാതി വെറിയില്ല. ഖേദമില്ല. തിരുത്തില്ല. തൊഴിലിനേക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും? പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് എംപി ആവര്‍ത്തിച്ചു.
സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ താരിഖ് അന്‍വര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്ക പരിധി ലംഘിക്കരുതെന്നും കെ സുധാകരന്റെ പ്രസ്താവന അച്ചടക്ക സമിതി പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ പറയുകയുണ്ടായി.
0 Comments