NEWS UPDATE

6/recent/ticker-posts

കല്ലാംകുഴി ഇരട്ടക്കൊല: വിചാരണ തിങ്കളാഴ്ച തുടങ്ങും


മണ്ണാർക്കാട് : രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ ഈ മാസം 15 ന് തുടങ്ങും. ഏഴ് വർഷത്തിനു മുമ്പ് 2013 നവംബർ 20 നാണ് കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസയും സഹോദരൻ നൂറുദ്ദീനും വീടിനടുത്ത് വെച്ച് ദാരുണമായി കൊല്ലപ്പെടുന്നത്.[www.malabarflash.com]

തുടർന്ന് അറസ്റ്റിലായ 27 പേരിൽ ഒന്നാം പ്രതി അന്നത്തെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ചോലാട്ടിൽ സിദ്ദീഖ് ഉൾപ്പെടെയുള്ള ലീഗിന്റെ സജീവ പ്രവർത്തകരായിരുന്നു. കേസിന്റെ തുടക്കം മുതൽക്കേ പ്രതികൾക്ക് വലിയ രീതിയിൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ലീഗ് നേതാക്കളുടെ കൂടെയുള്ള ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം വളരെ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ സാക്ഷികളെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഹൈക്കോടതി അഞ്ച് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോയതിനാൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹെക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നിശ്ചിത സമയ പരിധിക്കുള്ളിൽ കേസ് തീർപ്പ് കൽപ്പിക്കണമെന്ന് കോടതി നിർദേശിച്ചതിനാലാണ് 15ന് കേസിന്റെ വിചാരണ തുടങ്ങുന്നത്.


90 ഓളം സാക്ഷികളാണ് കേസിലുള്ളത്. കൊല്ലപ്പെട്ടവർക്ക് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയ പ്രമുഖ അഭിഭാഷകൻ ടി സി കൃഷ്ണൻ നാരായണൻ ഹാജരാവും. 

2013 നവംബർ 20ന് രാത്രി ഒമ്പതോടെയാണ് മാരകായുധങ്ങൾ കൊണ്ട് ലീഗ് പ്രവർത്തകർ സഹോദരങ്ങളായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായ കുഞ്ഞുഹംസ, നൂറുദ്ദീൻ എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 

ആക്രമണത്തിൽ സഹോദരൻ കുഞ്ഞുമുഹമ്മദിനും മാരകമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദ് പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞുഹംസ, സഹോദരനും എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയുമായിരുന്ന പള്ളത്ത് നൂറുദ്ദീൻ എന്നിവർ മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments