NEWS UPDATE

6/recent/ticker-posts

നാദാപുരത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യപാരിയെ മോചിപ്പിച്ചു

കോഴിക്കോട്: തൂണേരിയില്‍നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം ടി കെ അഹമ്മദിനെ വിട്ടയച്ചു. കുടുംബത്തിന്റെ പരാതിയില്‍ പോലിസ് അന്വേഷണം തുടരവെയാണ് അജ്ഞാതസംഘം അഹമ്മദിനെ വടകരയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.[www.malabarflash.com] 

അഹമ്മദിനെ ശനിയാഴ്ചയാണ് കാറിലെത്തിയ സംഘം തൂണേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കേസില്‍ ചോദ്യം ചെയ്യാനായി നാദാപുരം, കണ്ണൂര്‍ സ്വദേശികളായ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അഹമ്മദിന്റെ ഭാര്യയുടെയും കുട്ടികളുടെയും മൊഴിയും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. 


വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പോലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് രാത്രിയോടെ വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇദ്ദേഹത്തെ വടകരയില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് ഓട്ടോയിലും കാറിലുമായാണ് അഹമ്മദ് നാട്ടിലെത്തിയത്.

അതേസമയം, സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ട് വരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം ടി കെ അഹമ്മദിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം വീട്ടിലെത്തുന്നത്. 

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍നിന്ന് പള്ളിയിലേക്ക് പോവും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ആറ് മണിക്ക് മുമ്പുതന്നെ നാദാപുരം പോലിസില്‍ വിവരം അറിയിച്ചെങ്കിലും പോലിസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. 

ആദ്യം കാണാനില്ലെന്ന പരാതിയാണ് രജിസ്റ്റര്‍ ചെയ്തത്. അഹമ്മദിന്റെ സഹോദരന് പണമാവശ്യപ്പെട്ട് ഭീഷണി സന്ദേശം വരികയും നാട്ടുകാരുടെ സമ്മര്‍ദവും പ്രതിഷേധവുമുണ്ടാവുകയും ചെയ്ത ശേഷമാണ് പോലിസ് തട്ടിക്കൊണ്ടുപോവല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments