നീലേശ്വരം: പാളം മുറിച്ചുകടക്കവേ ട്രെയിനിടിച്ച് വയോധികനും രക്ഷിക്കാൻ ശ്രമിച്ച മകന്റെ ഭാര്യയും മരിച്ചു. നീലേശ്വരം കൊഴുന്തിലിലെ മുൻ ക്ഷേത്ര വാദ്യകലാകാരൻ മഠത്തിൽ വളപ്പിൽ ചന്ദ്രൻ മാരാർ (70), മകൻ ക്ഷേത്ര വാദ്യകലാകാരൻ വി.വി. പ്രസാദിന്റെ ഭാര്യ കെ.സി. അഞ്ജലി (28) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച ഉച്ച 12 മണിക്ക് കൊഴുന്തിലിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കേൾവിക്കുറവുള്ള ചന്ദ്രൻ ട്രെയിൻ വരുന്ന ശബ്ദം കേട്ടിരുന്നില്ല. ട്രാക്കിന്റെ മറുഭാഗത്തെ പറമ്പിൽ ജോലിചെയ്തിരുന്നവർ ബഹളംവെച്ചപ്പോൾ കൂടെയുണ്ടായിരുന്ന അഞ്ജലി ഭർതൃപിതാവിനെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും അപകടത്തിൽപെടുകയുമായിരുന്നു. ചന്ദ്രന്റെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു.
നീലേശ്വരം ജേസീസ് ഇംഗ്ലീഷ് വിദ്യാലയത്തിലെ മുൻ ഓഫിസ് ജീവനക്കാരിയായിരുന്നു അഞ്ജലി. ചന്ദ്രന്റെ സഹോദരനും ജേസീസ് വിദ്യാലയത്തിലെ ബസ് ഡ്രൈവറുമായ ഗോവിന്ദന്റെ പിറന്നാൾ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനായി പുതുക്കൈയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
അഞ്ജലിയുടെ ഭർത്താവ് പ്രസാദ് വാദ്യസംഘത്തോടൊപ്പം അസം ഗുവാഹതിയിലാണ്. ഇവർ എത്തിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിക്കുക. ചന്ദ്രന്റെ ഭാര്യ: പത്മിനി. മറ്റ് മക്കൾ: പ്രിയ, പ്രീത. പിലിക്കോട്ടെ പരേതനായ തമ്പാൻ മാരാർ-രാധാമണി ദമ്പതികളുടെ മകളാണ് അഞ്ജലി. സഹോദരി: അജ്ജലി.
0 Comments