NEWS UPDATE

6/recent/ticker-posts

യുഎഇയിൽ വാട്സാപ് വഴിയുള്ള പണപ്പിരിവുകാർക്ക് മുന്നറിയിപ്പ്; കാത്തിരിക്കുന്നത് തടവും പിഴയും

ദുബൈ: യുഎഇയിൽ വാട്സാപ് വഴിയുള്ള പണപ്പിരിവുകാരെ കാത്തിരിക്കുന്നത് തടവും പിഴയുമെന്ന് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. ഉദ്ദേശ്യം നല്ലതാണെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി ധനസമാഹരണം നടത്തുന്നവർ നിയമ നടപടി നേരിടേണ്ടിവരും.[www.malabarflash.com] 

ലക്ഷ്യം നല്ലതാണെങ്കിലും അതിലേക്കുള്ള മാർഗം കൂടി സുതാര്യവും നിയമസാധുതയുള്ളതും ആയിരിക്കണമെന്നാണു യുഎഇയിലെ നിയമവിദഗ്ധർ പൊതു സമൂഹത്തെ ഓർമിപ്പിക്കുന്നത്. 


നല്ല കാര്യങ്ങൾക്കാണെങ്കിലും പണപ്പിരിവ് നടത്താൻ അധികൃതരുടെ അനുമതി വേണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണസമാഹരണത്തിനു അധികാരമില്ല. യുഎഇയിലെ സർക്കാർ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിമാത്രമായിരിക്കണം പണപ്പിരിവും വിതരണവും. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം കാരണം ധനസമാഹരണം വാട്സാപ് വഴി വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. 

ചികിത്സ, വിദ്യാഭ്യാസ ചെലവ്, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് വാട്സാപ് സന്ദേശങ്ങൾ വരുന്നത്. കുടുംബ, വ്യക്തി പ്രാരാബ്ധങ്ങൾ നിരത്തി ഊരും പേരുമില്ലാത്ത സന്ദേശങ്ങളും പ്രചരിക്കുന്നു. വാട്സാപ് കൂട്ടായ്മകൾ രൂപപ്പെടുത്തിയും പണപ്പിരിവുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങളുടെ അനുമതി കൂടാതെ വാട്സാപ് വഴി പിരിവ് നടത്തുന്നതു നിയമ ലംഘനമാണെന്ന് യുഎഇയിലെ സ്വദേശി അഭിഭാഷകർ വ്യക്തമാക്കി. 

2018ലെ ഫെഡറൽ നിയമം 4/8 അനുഛേദം ചൂണ്ടിക്കാട്ടിയാണ് നിയമ വിദഗ്ധർ വാട്സാപ് പിരിവ് വിലക്കിയത്. യുഎഇയിലെ ആരാധനാലയങ്ങളിലും അനുമതിയില്ലാത്ത ധനസമാഹരണം പാടില്ല. നിയമം ലംഘിച്ച് പണപ്പിരിവ് നടത്തുന്നവർക്ക് മൂന്നു മാസത്തിൽ കൂടാത്ത തടവോ 5000 ദിർഹം പിഴയോ ലഭിക്കും. നല്ല ഉദ്ദേശ്യം വച്ച് പുലർത്തി നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി പിരിവ് നടത്തുന്നവരും നിയമ നടപടി നേരിടേണ്ടി വരും. ഉദ്ദേശ്യശുദ്ധി നിയമ നടപടിയിൽ നിന്നും രക്ഷപ്പെടുത്തില്ലെന്ന് ഫെഡറൽ ശിക്ഷാ നിയമം ഉയർത്തിക്കാട്ടി അഭിഭാഷകർ പറഞ്ഞു. 

കോവിഡ് പിടിമുറുക്കിയതു മൂലം ലോകത്ത് തൊഴിൽ നഷ്ടവും അനുബന്ധ സാമ്പത്തിക മാന്ദ്യവും പ്രകടമാണ്. സന്നദ്ധ പ്രവർത്തകർ ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രവർത്തിക്കേണ്ടത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പണപ്പിരിവ് കേസ് ഐടി നിയമ ലംഘനത്തിനുള്ള ശിക്ഷയുടെ പരിധിയിലുമാകുമെന്നതിനാൽ ശിക്ഷ കടുക്കും. 

ഫെഡറൽ ഐടി നിയമം 27 നമ്പർ പ്രകാരം രണ്ടര ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴശിക്ഷ ലഭിക്കുന്ന കുറ്റമാണ് യുഎഇ ഫെഡറൽ ഐടി നിയമം. സാങ്കേതിക വിജ്ഞാന സാധ്യതകൾ പ്രയോജനപ്പെടുത്തി അനധികൃത പണപ്പിരിവ് നടത്തുന്നവരും അതു പ്രചരിപ്പിക്കുന്നവരുമാണ് ഐടി നിയമപരിധിയിൽ വരിക. 

സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ അംഗീകൃത സന്നദ്ധ സംഘടനകൾക്ക് കൈമാറുകയാണ് വേണ്ടത്. ചില സന്ദേശങ്ങൾക്ക് ഉറവിടം പോലുമുണ്ടാകാറില്ല. അതുകൊണ്ട് സഹായങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കാനും ആകില്ല. 

സർക്കാർ കേന്ദ്രീകൃത സംഘടനകൾ അപേക്ഷകളിൽ അന്വേഷണം നടത്തി കൃത്യത ഉറപ്പു വരുത്തിയാണു വിതരണം ചെയ്യുകയെന്നും അഭിഭാഷകർ സൂചിപ്പിച്ചു. യുഎഇയിലെ നിയമ വിദഗ്ധരും അഭിഭാഷകരുമായ സഈദ് അശ്ശറമി, അലി മുസബ്ബഹ്, നിയമോപദേശകൻ ഗസ്സാൻ അദ്ദായ, അയ്ഹം അൽമഗ്രറബി, ഡോ.മുഹമ്മദ് ബ്ൻ ജറശ് എന്നിവരാണ് വാട്സാപ് പണപ്പിരിവ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

Post a Comment

0 Comments