NEWS UPDATE

6/recent/ticker-posts

ആവേശക്കടലായി തുളുനാട്; എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്‌ക്ക് തുടക്കം

ഉപ്പള: സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ വികസന വിസ്‌മയങ്ങളുടെ വഴിത്താരകളിലൂടെ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തുളുനാട്ടില്‍ നിന്ന് ആവേശോജ്വല തുടക്കം. 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 



സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയര്‍ത്തിപിടിച്ചുള്ള ജാഥയുടെ ഉദ്ഘാടനത്തിന് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ജനസഞ്ചയമെത്തി. 

ഗെയില്‍ പൈപ്പ് ലൈനും മലയോര ഹൈവേയും മഞ്ചേശ്വരം മീന്‍പിടിത്ത തുറമുഖവും ഹൈടെക്ക് സ്‌കൂളുകളും യാഥാര്‍ഥ്യമാക്കിയും ആറുവരി ദേശീയപാത വികസനത്തിനും കാസര്‍കോട് മെഡിക്കല്‍ കോളേജിനും തുടക്കമിട്ടും ജില്ലയില്‍ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ളതായിരുന്നു ജാഥ. 

നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ കൊണ്ടുവന്ന ഭരണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയില്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് എല്‍ഡിഎഫ് നടപ്പാക്കിയത്. പ്രകടനപത്രികയിലെ പദ്ധതികള്‍ എത്രത്തോളം നടപ്പാക്കിയെന്നത് ഓരോ വര്‍ഷവും ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നചിന്തയ്ക്ക് മാറ്റം വരുത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഉദ്ഘാടനത്തില്‍ ബി വി രാജന്‍ അധ്യക്ഷനായി. എ വിജയരാഘവന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി, സി കെ നാണു എംഎല്‍എ, കാസിം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ഇ പി ജയരാജന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു. കെ ആര്‍ ജയാനന്ദ സ്വാഗതം പറഞ്ഞു. 

കാസര്‍കോട് മണ്ഡലത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്വീകരണ പൊതുയോഗത്തിലേക്ക് ജാഥ ലീഡര്‍ എ വിജയരാഘവനെ ജീപ്പില്‍ പ്രവര്‍ത്തകര്‍ ആനയിച്ചു. വന്‍ ജനസഞ്ചയം ജാഥയെ സ്വീകരിക്കാനെത്തി. ഹാരിസ് ബെഡ്ഡി അധ്യക്ഷനായി. 

ജാഥാലീഡര്‍ക്ക് പുറമേ അംഗങ്ങളായ കെ പി രാജേന്ദ്രന്‍, പി സതീദേവി, എല്‍ജെഡി നേതാവ് സലീം മടവൂര്‍ എന്നിവര്‍ സംസാരിച്ചു. കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. 

ജാഥയ്ക്ക് ഞായറാഴ്ച രാവിലെ 10ന് ചട്ടഞ്ചാല്‍, 11ന് കാഞ്ഞങ്ങാട്, വൈകിട്ട് 4ന് കാലിക്കടവ്, 5ന് പയ്യന്നൂര്‍, 6ന് പഴയങ്ങാടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 

കെ പി രാജേന്ദ്രന്‍ (സിപിഐ), പി സതീദേവി (സിപിഐ എം), പി ടി ജോസ് (കെസിഎം), കെ ലോഹ്യ (ജെഡിഎസ്), പി കെ രാജന്‍ (എന്‍സിപി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), കെ പി മോഹനന്‍ (എല്‍ജെഡി), ജോസ് ചെമ്പേരി (കെസിബി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ് സ്‌കറിയ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരാണ് ജാഥയിലെ അംഗങ്ങള്‍.

Post a Comment

0 Comments