ഹൈദരാബാദ്: കോവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് യൂട്യൂബറെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ദുബൈയിൽ നിന്നും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെയായിരുന്നു അബൂ ഫൈസൽ എന്നയാളെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സാമുദായിക സ്വഭാവമുള്ള വീഡിയോകളാണ് അബൂ ഫൈസൽ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്.
അബൂ ഫൈസൽ ധമാക്ക എന്ന പേരിലുള്ള ചാനലിൽ വാർത്താ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വീഡിയോകൾ ചെയ്യുന്നത്. ബർകാസ് സ്വദേശിയായ ഇയാൾക്കെതിരെ കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു പോലീസ് കേസെടുത്തത്. അപ്പോൾ ദുബൈയിൽ ആയിരുന്ന അബൂ ഫൈസലിനെ നാട്ടിൽ എത്തിയ ഉടനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വീഡിയോയിൽ, കൊറോണ വൈറസിനെക്കുറിച്ച് ഫൈസൽ അശാസ്ത്രീയമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും കൊറോണ വൈറസ് വാക്സിൻ എടുക്കരുതെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വാക്സിനുകൾ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാർഗമാണെന്നും യൂട്യൂബർ അവകാശപ്പെട്ടിരുന്നു. കൂടാതെ 'പശു സംരക്ഷണവുമായി ബന്ധമുള്ള ഗ്രൂപ്പുകൾ' വഴി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായും യൂട്യൂബർ അവകാശപ്പെട്ടു.
ബോംബെ ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ തുടർന്നാണ് വീഡിയോ പിൻവലിച്ചത്. ഇമ്രാൻ ഖാൻ എന്നയാളാണ് ഹരജി നൽകിയത്. അബൂ ഫൈസലിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്നതാണെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും യൂട്യൂബറിനെ എന്നന്നേക്കുമായി നീക്കംചെയ്യാൻ അഭ്യർത്ഥിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
0 Comments