NEWS UPDATE

6/recent/ticker-posts

മംഗളുരുവിൽ ജൂനിയേഴ്സിനെ റാഗ് ചെയ്തതിന് മലയാളികൾ അടക്കം 7 വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവില്‍ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയരാക്കിയ 3 മലയാളികളടക്കം 7 വിദ്യാർത്ഥികൾ അറസ്റ്റില്‍. കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് മംഗളൂരു സിറ്റി പോലീസിന്‍റെ പിടിയിലായത്.[www.malabarflash.com]

കണ്ണൂർ സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. മംഗളൂരു ബാല്‍മട്ടയിലെ കോളേജിൽ 9 ജൂനിയർ വിദ്യാ‍ർത്ഥികൾ താമസിക്കുന്ന സ്ഥലത്തെത്തി ഇവർ നിരന്തരം പീഡിപ്പിച്ചെന്നും തല മൊട്ടയടിക്കാന്‍ നി‍ർബന്ധിച്ചെന്നുമാണ് പരാതി.



പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ചോദ്യം ചെയ്യലിന് ശേഷം വൈകാതെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസവും സമാനമായ കേസില്‍ 12 മലയാളി വിദ്യാർത്ഥികൾ മംഗളൂരു പോലീസിന്‍റെ പിടിയിലായിരുന്നു.

മംഗളൂരുവിലെതന്നെ മുക്കയിലെ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാ‍ർത്ഥികളെ ക്രൂരമായി മർദിക്കുകയും അധ്യാപകരോടടക്കം മോശമായി പെരമാറുകയും ചെയ്ത നാല് വിദ്യാർത്ഥികളെ മറ്റൊരു കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരും കർണാടക സ്വദേശികളാണ്.

ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ദക്ഷിണ കന്നഡ ജില്ലയിലെ കോളേജുകളില്‍ റാഗിംഗ് സ്ഥിരം സംഭവമാവുകയാണെന്ന് പോലീസ് അറിയിച്ചു. സ്ഥാപനങ്ങൾ റാഗിംഗിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മംഗളൂരു കമ്മീഷണർ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments