ഫൈനലിൽ എടികെ മോഹൻ ബഗാനെ 2–1നു കീഴടക്കിയാണു മുംബൈ പ്രഥമ കിരീടമുയർത്തിയത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ കിരീടത്തിലൂടെ ഡബിൾ തികച്ചു.
90–ാം മിനിറ്റിൽ ബിപിൻ സിങ് നേടിയ ഗോളാണു മുംബൈയെ ജേതാക്കളാക്കിയത്. ബഗാൻ ഗോൾമുഖത്തേക്ക് മുംബൈ സിറ്റിയുടെ മുർത്താദ ഫോൾ ഉയർത്തിവിട്ട പന്ത് ഒഴിവാക്കാൻ ബോക്സ് വിട്ടിറങ്ങിയ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയ്ക്കു പിഴച്ചു. പന്തു തട്ടിയെടുത്ത മുംബൈ സ്ട്രൈക്കർ ബർത്‌ലോമിയോ ഓഗ്ബെച്ചെ പ്രതിരോധക്കാരെ വെട്ടിച്ചു നൽകിയ പാസ് ഇടംകാൽ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി ബിപിൻ മുംബൈയ്ക്കു വിജയമധുരം സമ്മാനിച്ചു.
18–ാം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെ എടികെയാണ് ആദ്യം മുന്നിലെത്തിയത്. 29–ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോളിൽ മുംബൈ ഒപ്പമെത്തി. 2–ാം പകുതിയിൽ മുംബൈ താരം മുഹമ്മദ് റാകിപിന്റെ സെൽഫ് ഗോളിലൂടെ എടികെ മുന്നിലെത്തിയെന്നു കരുതിയെങ്കിലും റഫറി അതിനു മുൻപേ റോയ് കൃഷ്ണയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല.
0 Comments