പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഷാ.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അമിത്ഷാ കേരളത്തിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും.
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്‌ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദ്ദേഹം സംസാരിക്കും.
ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉണ്ടാകും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോർഡുകളിൽ നിന്നും മാറ്റി വിശ്വാസികൾക്ക് നൽകുമെന്നതാകും മറ്റൊരു വാഗ്ദാനം. ലൗ ജിഹാദ് തടയാൻ യുപി മോഡൽ നിയമവും പത്രികയിലുണ്ടാകും. ഒരു വീട്ടിൽ ഒരാൾക്ക് ജോലി എന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.
0 Comments