NEWS UPDATE

6/recent/ticker-posts

ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം; പഴി സിപിഐഎമ്മിന്, ബിജെപിക്കാരനെന്ന് തെളിഞ്ഞതോടെ മാപ്പ് പറഞ്ഞ് നേതാക്കള്‍

കോഴിക്കോട്: ബിജെപിയുടെ റോഡ് ഷോ നടക്കുന്നതിനിടെ ജന്മഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ജന്മഭൂമിയുടെ ദിനേശ് എന്ന ഫോട്ടോഗ്രാഫറെയാണ് ബിജെപി പ്രവര്‍ത്തകരുടെ സംഘം വളഞ്ഞിട്ട് തല്ലിയത്. കോഴിക്കോട് കക്കോടിയില്‍ സ്മൃതി ഇറാനി പങ്കെടുത്ത റോഡ് ഷോയ്ക്കിടയായിരുന്നു സംഭവം.[www.malabarflash.com]


ആദ്യം തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തിയ സ്മൃതി ഇറാനി, പിന്നീട് സ്‌കൂട്ടറിലാക്കി യാത്ര. സ്മൃതിയുടെ ചിത്രം പകര്‍ത്താന്‍ വാഹനത്തിന് മുന്നിലൂടെ ഫോട്ടോഗ്രാഫര്‍മാരും ഓടാന്‍ തുടങ്ങി. യാത്ര കക്കോടി പൊക്കിരാത്ത് ബില്‍ഡിംഗിന് സമീപത്ത് എത്തിയതോടെ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ബിജെപിക്കാരന്‍ ദിനേശിനോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. 

സംഭവം കണ്ട് കൂടുതല്‍ ആളുകളും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചു. ഇതിനിടെ ദിനേശ് ബിജെപിയുടെ ജന്മഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറാണെന്നും മര്‍ദ്ദിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് മര്‍ദ്ദനം അവസാനിച്ചത്.

സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളോട് പരാതി പറഞ്ഞപ്പോള്‍, ജാഥയിലേക്ക് നുഴഞ്ഞുകയറിയ സിപിഐഎം പ്രവര്‍ത്തകരായിരിക്കും മര്‍ദ്ദിച്ചതെന്നായിരുന്നു മറുപടി. എന്നാല്‍ മര്‍ദ്ദിച്ച വ്യക്തികളുടെ ഫോട്ടോ ക്യാമറയിലുണ്ടെന്ന് പറഞ്ഞതോടെ നേതാക്കള്‍ മാപ്പ് പറയുകയായിരുന്നു. 

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞതോടെ, ബിജെപി ജില്ലാ നേതാവ് ടി ദേവദാസും ഖേദപ്രകടനം നടത്തി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദിനേശ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments