ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ മർദനമേറ്റ ബാലൻ മരിച്ചു. കർണാടകയിലെ ഹാവേരിയിലാണ് ഹരീഷയ്യ(10)എന്ന ബാലൻ മരിച്ചത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്.[www.malabarflash.com]
മാർച്ച് 16നാണ് സംഭവം. പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ മർദിക്കുകയായിരുന്നു. തുടർന്ന് കെട്ടിട നിർമാണത്തിന് കൊണ്ടുവന്ന കല്ല് കുട്ടിയുടെ മുതുകിൽ കെട്ടിവച്ചു.
മകനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവിനെയും ഇവർ അടുപ്പിച്ചില്ല. പിന്നാലെ അമ്മയെത്തി ബഹളം വച്ചപ്പോൾ കടയുടമയും കുടുംബവും ഇവരെ ക്രൂരമായി മർദിച്ചതിന് ശേഷം കുട്ടിയെ വിട്ടുകൊടുക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ പോലീസിനെതിരെയും ആരോപണമുയരുന്നുണ്ട്. പരാതി നൽകിയെങ്കിലും കുട്ടിയുടെ മരണത്തിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയാറായതെന്ന് പിതാവ് ആരോപിച്ചു. കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ശിവരുദ്രപ്പയും കുടുംബവും ഒളിവിലാണ്.
0 Comments