NEWS UPDATE

6/recent/ticker-posts

മാസ്‌ക് നിര്‍മ്മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് നാലേകാല്‍ ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍

ഉദുമ: മാസ്‌ക് നിര്‍മ്മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കവ്വായി സ്വദേശിയെ മാങ്ങാട് കൂളിക്കുന്നിലെ ഭാര്യാഗൃഹത്തില്‍ നിന്നും പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കൂളിക്കുന്നിലെത്തിയ പയ്യന്നൂര്‍ പോലീസ് ബേക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.[www.malabarflash.com]


കവ്വായി സ്വദേശി ഏ.ടി. നൗഷാദാണ് മാസ്‌ക് നിര്‍മ്മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പിലാത്തറയിലെ സജീവന്‍ നടുവളപ്പില്‍ എന്നയാളില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്. 2020 മാര്‍ച്ച് 16,17 തീയ്യതികളിലായി രണ്ട് തവണയാണ് പണം കൈമാറിയത്.


പണം വാങ്ങിച്ച് നൗഷാദ് മുങ്ങിയതോടെ സജീവന്‍ പയ്യന്നൂര്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് നൗഷാദിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു.

പ്രതി ഉദുമ കൂളിക്കുന്നിലെ ഭാര്യാ ഗൃഹത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. പ്രമോദ്, എസ്‌ഐ, കെ.ടി. ബിജിത്ത് എന്നിവരടങ്ങുന്ന സംഘം കൂളിക്കുന്നിലെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും, നൗഷാദ് ചെറുത്തുനിന്നു. തുടര്‍ന്ന് പോലീസ് കാസര്‍കോട് ഡിവൈഎസ്പി, പി.പി. സദാനന്ദനെ വിവരമറിയിച്ചു. പി.പി. സദാനന്ദന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ പോലീസും സ്ഥലത്തെത്തിയാണ് വഞ്ചനാക്കേസ്സില്‍ പ്രതിയായ നൗഷാദിനെ കീഴടക്കിയത്.

Post a Comment

0 Comments