തേക്കിന്‍കാട് മൈതാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബേബി ജോണ്‍ പ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു യുവാവ് വേദിയില്‍ കയറി മുന്‍നിരയില്‍ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഇയാളോട് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പടെ വേദിയിലുളളവര്‍ വിവരങ്ങള്‍ തിരക്കി. ചെന്ത്രാപ്പിന്നിയിലാണ് വീടെന്നും പേര് ഷുക്കൂര്‍ എന്നാണെന്നും പറഞ്ഞു. വേദിയില്‍നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശല്യമുണ്ടാക്കാതെ അവിടെയിരുന്നോളാമെന്നായിരുന്നു പ്രതികരണം.
എന്നാല്‍ പിന്നീട് ഇറങ്ങിപ്പോകുകയാണെന്ന വ്യാജേന എണീറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ തള്ളിവീഴ്ത്തി. അദ്ദേഹത്തോടൊപ്പം ഡയസും തളളിമറിച്ചിട്ടു. ഇതോടെ വേദിയില്‍ ഉന്തുംതളളുമായി. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനില്‍കുമാറും മറ്റ് നേതാക്കളും റെഡ് വൊളന്റിയര്‍മാരും ചേര്‍ന്ന് അക്രമിയെ പിടികൂടി വേദിക്ക് പുറത്തിറക്കി.
പാര്‍ട്ടിപ്രവര്‍ത്തകര്‍ അക്രമാസക്തരാകുംമുന്നേ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത്കൊണ്ടുപോയി. വേദിയിലുണ്ടായ പ്രവര്‍ത്തകര്‍ ബേബി ജോണിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വേദിയിലുളളവരും സദസ്സിലുളളവരും എണീറ്റ് യുവാവിന് പിറകേ പോയെങ്കിലും മന്ത്രി സുനില്‍ കുമാര്‍ എല്ലാവരോടും മടങ്ങിയെത്താന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് യോഗം പുനരാരംഭിക്കുകയും ബേബി ജോണ്‍ പ്രസംഗം തുടരുകയും ചെയ്തു.
പ്രതിക്ക് മാനസികപ്രശ്നമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടെന്നാണ് സംശയം. പിണറായി വിജയന്‍ എത്തുംമുന്നേ സ്റ്റേജിനു സമീപം ഒരു വയോധികനും പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെയും പോലീസ് നീക്കിയിരുന്നു. ബേബി ജോണിനെ തളളിയിട്ട സംഭവം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
0 Comments