പാലാരിവട്ടം അഴിമതിയിൽ അന്വേഷണം നേരിടുന്ന സിറ്റിംഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ ഇത്തവണ മത്സരിപ്പിക്കുന്നതിനോട് മുന്നണിയിൽ വലിയ താൽപ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കിൽ പകരം പരിഗണിക്കുന്നവരിൽ പ്രധാനി കെ എം ഷാജിയാണ്. കളമശ്ശേരിയിൽ ഇറങ്ങാൻ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. ലീഗിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഷാജിയ്ക്കെതിരെ രംഗത്ത് വരുന്നത്.
ഇടത് സ്ഥാനാർത്ഥിയായി പി രാജീവ് എത്തിയതോടെ മണ്ഡലത്തിൽ മത്സരം ഇത്തവണ കനക്കുമെന്ന് നേതാക്കൾ സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ കളമശ്ശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ട് വയ്ക്കുന്നു.
ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിൽ ലീഗിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടെങ്കിലും ആരെ മത്സരിപ്പിക്കുമെന്നത് ലീഗിന്‍റെ ആഭ്യന്തര വിഷയമാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. ഏതായാലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തന്‍റെ ഭാഗം ന്യായീകരിച്ച് ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിൽ ഉടനീളം ലഘുലേഖ വിതരണം ചെയ്തു. സിപിഎം തന്നെ വേട്ടയാടി രോഗിയാക്കിയെന്നാണ് വിശദീകരിക്കുന്നത്.
0 Comments