NEWS UPDATE

6/recent/ticker-posts

ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും; ഈയാഴ്​ച മരിച്ചത്​ ഏഴുപേർ, വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

ദോഹ: ഖത്തറിൽ കൊറോണ വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി. ഏറെ മാരകമായ ഈ വൈറസ്​ ബാധിച്ച്​ ഈ ആഴ്​ച രാജ്യത്ത്​ മരിച്ചത്​ ഏഴുപേർ.[www.malabarflash.com]

കോവിഡ്​ 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്​ദുൽലത്തീഫ്​ അൽ ഖാൽ ആണ്​ ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്​. രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്​.

വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം രാജ്യത്ത്​ പുതുതായി ക​ണ്ടെത്തിയതാണ്​. നിലവിലുള്ള പ്രധാന ഭീഷണിയായി ഇത്​ മാറിയെന്നും അദ്ദേഹം പറഞ്ഞു. വൈറസിൻെറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. 

എന്നാൽ ഇത്​ ഒരാളിൽ നിന്ന്​ മറ്റൊരാളിലേക്ക്​ പെ​ട്ടെന്ന്​ പടരുന്നു. പലരിലും ഇത്​ മാരകമാകുന്നുവെന്ന്​ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വൈറസി​ന്റെ ബ്രിട്ടൻ വകഭേദം ഖത്തറിൽ​ നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണ്​​ രോഗബാധ ഏറെ കൂടാൻ കാരണമായത്​. സമൂഹത്തിലെ ചിലർ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തിയതും രോഗവ്യാപനത്തിന്​ കാരണമായിട്ടുണ്ട്​. ബ്രിട്ടൻ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ്​ ദക്ഷിണാഫ്രിക്കൻ വകഭേദം.

രാജ്യത്തെ എല്ലാവർക്കും കോവിഡ്​ വാക്​സിൻ നൽകാൻ കൂടുതൽ സമയം ആവശ്യമാണ്​. നിലവിൽ 6,50,000 ഡോസ്​ വാക്​സിൻ ആണ്​ ആകെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്​ച ഖത്തറിൽ മൂന്നുപേർ മരിച്ചിട്ടുണ്ട്​. ആകെ മരണം 278 ആയി.

രാജ്യത്ത്​ കോവിഡ്​ രോഗികൾ കൂടി വരുന്ന പശ്​ചാത്തലത്തിൽ വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ്​ പുതിയ തീരുമാനം. 

പുതിയ നിയന്ത്രണങ്ങൾ മാർച്ച്​ 26 വെള്ളിയാഴ്​ച മുതലാണ്​ പ്രാബല്യത്തിൽ വരിക. നിലവിലുള്ള നിയന്ത്രണങ്ങൾ തുടർന്നും എല്ലാവരും പാലിക്കണം. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും 80 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ എത്തി ജോലി ചെയ്യണം. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ്​ ജോലി ചെയ്യേണ്ടത്​. ഓഫിസുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഉള്ള യോഗങ്ങൾ പാടില്ല. പ​ങ്കെടുക്കുന്നവർ എല്ലാ കോവിഡ്​ പ്രതിരോധ മാർഗങ്ങളും പാലിക്കണം.

Post a Comment

0 Comments