NEWS UPDATE

6/recent/ticker-posts

തോറ്റാല്‍ എന്നെ ഇല്ലാതാക്കാന്‍ ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ ഒട്ടിച്ച വണ്ടി വരുമെന്ന് ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍.[www.malabarflash.com]


ജലീല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പാവപ്പെട്ട വൃക്കരോഗികള്‍ക്കുള്ള സഹായ പദ്ധതി മുടക്കിയെന്ന് ഫിറോസ് പറഞ്ഞു. ജലീല്‍ എംഎല്‍എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാള്‍ക്ക് മാത്രമാണ്. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പ്രതിനിധിയാകും. സ്വര്‍ണം കടത്താന്‍ പോകില്ല. തനിക്കെതിരെ സൈബര്‍ ആക്രമണത്തിന് പുറമേ വധ ഭീഷണിയുമുണ്ടെന്നും ഫിറോസ് പ്രതികരിച്ചു.

“ഞാന്‍ എന്തായാലും സ്വര്‍ണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷനും കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞ രോഗികള്‍ക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് അവര്‍ക്ക് സഹായങ്ങളും മരുന്നു നല്‍കുന്നതായിരുന്നു പദ്ധതി. കെ ടി ജലീല്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി.

കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികള്‍ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ ജലീല്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായി.

ജീവകാരുണ്യ പ്രവര്‍ത്തനം ജയിച്ചാലും ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. തോറ്റാന്‍ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നെ വകവരുത്താനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്ത് കഴിഞ്ഞു. മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുന്‍പേ ഓര്‍മ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീര്‍ച്ചയായും വധഭീഷണിയുണ്ട്. എന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. എന്നാലും ഞാന്‍ തളരില്ല. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചു.

ഞാന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്നതാണ്. ജലീല്‍ എംഎല്‍എ ആയിരുന്നു, മന്ത്രിയായിരുന്നു. മന്ത്രിയായതുകൊണ്ട് അയാള്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചിട്ടുള്ളത്. ജലീല്‍ മാത്രമാണ് എംഎല്‍എയും മന്ത്രിയുമായത്, ജനങ്ങളല്ല. ഞാന്‍ എംഎല്‍എ ആയാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരും. യുഡിഎഫ് പ്രകടന പത്രികയില്‍ അത്തരം പദ്ധതികളുണ്ട്.”

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Post a Comment

0 Comments