ആഗ്ര: ഉത്തർപ്രദേശിൽ സെപ്ടിക് ടാങ്കിൽവീണ് സഹോദരൻമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. ആഗ്രയിലെ ഫത്തേഹാബാദ് താലൂക്കിലെ പ്രതാപ് പുര ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പത്തുവയസുകാരൻ അബദ്ധത്തിൽ സെപ്ടിക് ടാങ്കിൽ വീഴുകയായിരുന്നു. സെപ്ടിക് ടാങ്കിലേക്ക് വീണതോടെ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ രക്ഷിക്കുന്നതിനായി മൂന്നുപേർ സെപ്ടിക് ടാങ്കിലേക്ക് ചാടുകയായിരുന്നു. 10 വയസുകാരന്‍റെ സഹോദരൻമാരായ ഹരിമോഹൻ, അവിനാശ് എന്നിവരും ബന്ധുവായ സോനുവുമാണ് ടാങ്കിലേക്ക് ചാടിയത്. എന്നാൽ അവരും ബോധരഹിതരാകുകയായിരുന്നു. നാലുപേരെയും രക്ഷിക്കാനായി സെപ്ടിക് ടാങ്കിലിറങ്ങിയ അയൽവാസി യോഗേഷും ബോധരഹിതനാകുകയായിരുന്നു.
പിന്നീട് ഗ്രാമവാസികൾ ചേർന്ന് അഞ്ചുപേരെയും പുറത്തെടുത്തു. 10 വയസുകാരനെ ടാങ്കിൽനിന്ന് പുറെത്തടുത്തപ്പോൾ തന്നെ മരിച്ചിരുന്നതായും മറ്റു നാലുപേരും എസ്.എൻ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴി മരിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾ രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
0 Comments