NEWS UPDATE

6/recent/ticker-posts

മരണവീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; കാർ ആറ്റിലേക്ക്​ മറിഞ്ഞ്​ രണ്ടുപേർ മരിച്ചു

ആറ്റിങ്ങൽ: കാര്‍ ആറ്റിലേക്ക്​ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചിറയിന്‍കീഴ്, ആല്‍ത്തറമൂട് താഴേവിളാകത്ത് വീട്ടില്‍ മധു (51), ചിറയിന്‍കീഴ് പണ്ടകശാല കൊച്ചുവയല്‍ വീട്ടില്‍ ജ്യോതി ദത്ത് (53) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ചിറയിന്‍കീഴ് പുളുമൂട്ടുകടവിന് സമീപം കരുന്ത്വാ കടവിലേക്ക്​ പോകുന്ന റോഡില്‍ നിന്നാണ് കാർ ആറ്റിലേക്ക്​ മറിഞ്ഞത്. വാമനപുരം നദി കായലുമായി ചേരുന്ന ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ അഞ്ചരക്കാണ് അപകടം. 

കരുന്ത്വാ കടവിന് സമീപം മരണവീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം സംഭവിച്ചത്. കരുന്ത്വാകടവിലേക്ക്​ പോകുന്ന റോഡ് കഴിഞ്ഞ വര്‍ഷകാലത്ത് തകരുകയും റോഡിന്‍റെ ഒരുവശം വെള്ളം കയറി നശിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്താണ് അപകടം നടന്നത്. റോഡില്‍നിന്ന് കാര്‍ തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു. 

അപകടസമയം സമീപത്ത് ആരുമില്ലായിരുന്നു. ഏറെ നേരത്തിനുശേഷം അതുവഴി പോയ ബോട്ടിലെ തൊഴിലാളികളാണ് കാര്‍ ആറ്റിലേക്ക്​ മറിഞ്ഞുകിടക്കുന്നത് കണ്ടത്. അവര്‍ ബോട്ട് തീരത്ത് അടുപ്പിച്ച് നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന്​ അവര്‍ ബഹളമുണ്ടാക്കുകയും സമീപവീടുകളില്‍ എത്തി വിവരമറിയിക്കുകയും ചെയ്തു. 

നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാര്‍ തിരിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസിനെ വിവരമറിയിക്കുകയും അതിനോടപ്പം ആറ്റിങ്ങല്‍ ഫയര്‍ഫോഴസിനെ അറിയിക്കുകയും ചെയ്തു. ഈ സമയം നാട്ടുകാര്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് അകത്തുള്ളവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാര്‍ ആറ്റില്‍നിന്ന് റെക്കവറി വാഹനത്തിന്‍റെ സഹായത്താല്‍ കരക്കെത്തിച്ചു. 

ജ്യോതിദത്ത് സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനാണ്. ഭാര്യ: ലതിക. മക്കള്‍: അഴൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ, ശ്രീ ശാരദ വിലാസം ഗേള്‍സ് ഹൈസ് സൂകളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദ്യ. 

കെട്ടിട കരാറുകാരനാണ് മധു. ഭാര്യ: രഞ്ജു. മക്കള്‍: ശ്രീജിത്ത് (എൻജിനീയര്‍ വിദ്യാര്‍ത്ഥി), വിഷ്ണു (ആറ്റിങ്ങല്‍ സി.എസ്‌.ഐ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം ചിറയിന്‍കീഴ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments