NEWS UPDATE

6/recent/ticker-posts

പുതുജീവിതത്തിലേയ്ക്ക് ചുവടുവെച്ച് നൗഫൽ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ വയനാട് ചീരാൽ സ്വദേശി നൗഫൽ പുതുജീവിതത്തിലേയ്ക്ക് ചുവടുവച്ചു. നീണ്ട എട്ടുമാസത്തെ വേദനകൾക്കും കാത്തിരിപ്പിനും ശേഷം മകൻ ഐദിൻ മുഹമ്മദിന്റെ കൈപിടിച്ച് നടന്നപ്പോൾ നൗഫലിന്റെയും കണ്ടുനിന്നവരുടെയും മനസുനിറഞ്ഞു.[www.malabarflash.com] 

ഇന്ത്യയിൽ രണ്ടാമതും കേരളത്തിലാദ്യമായും നടത്തിയ കണങ്കാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമാണ് നൗഫലിന് നടക്കാനായത്. ആസ്റ്റ‌ർ മിംസിലെ ഓർത്തോ വിഭാഗം ഫൂട്ട് ആൻഡ് ആങ്കിൾ സ്പെഷ്യലിസ്റ്റ് ഡോ.മൊയ്തു ഷമീറിന്റെ നേതൃത്വത്തിൽ ജനുവരി 22 നായിരുന്നു ശസ്ത്രക്രിയ. ഇന്നലെ ആശുപത്രിവിട്ട നൗഫൽ അടുത്ത ആഴ്ചയോടെ വയനാട്ടിലേക്ക് മടങ്ങും.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ തെന്നിമാറി വൻ ദുരന്തമുണ്ടായത്. അപകടത്തിൽ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അജ്മാനിൽ ജ്വല്ലറി തൊഴിലാളിയായ നൗഫൽ വിസ കാലാവധി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. 

നട്ടെല്ലിന് ക്ഷതമേൽക്കുകയും ഇരുകാലുകളുടെയും എല്ലൊടിയുകയും പൊള്ളലേൽക്കുകയും ചെയ്തു. ചികിത്സാ സൗകര്യാർത്ഥം ആശുപത്രിക്ക് സമീപം വീടെടുത്ത് താമസിക്കുകയാണ് നൗഫലും ഭാര്യയും.

വിമാനാപകടത്തിൽ പരിക്കേറ്റ ആർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. നൗഫലിന്റെയും മറ്റുള്ളവരുടെയും ചികിത്സാ ചെലവുകൾ പൂർണമായും എയർ ഇന്ത്യയാണ് എടുത്തത്. 

അപകടത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി കാലാവധി പൂർത്തിയായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യയും തയ്യാറല്ല. 

നൗഫലിന്റെ ചികിത്സയ്ക്കായി അക്കൗണ്ടന്റായ ഭാര്യ സഫ്നയും ബിസിനസ് ചെയ്യുകയായിരുന്ന സഹോദരൻ റഹീമും ജോലി ഉപേക്ഷിച്ചു. പഴയ ജീവിതത്തിലേയ്ക്ക് വരാൻ നൗഫലിന് ഇനിയും സമയമെടുക്കും. ചികിത്സയ്ക്കും കുടുംബം കഴിയാനുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഇവർക്ക് മുന്നിൽ വലിയ ചോദ്യമാണ്.

Post a Comment

0 Comments